വാക്‌സിന്‍ വിരുദ്ധ പ്രചാരണത്തെ നേരിടാന്‍ ശാസ്ത്രബോധം ആയുധമാക്കണം
കൊച്ചി: ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുന്ന വാക്‌സിനുകള്‍ക്കെതിരായ അസത്യപ്രചാ രണങ്ങളെ നേരിടാന്‍ ശാസ്ത്രബോധം ആയുധമാക്കണമെന്ന് ഡോ. അമിത എസ്. ആലുങ്കര പറഞ്ഞു. കൂട്ടായ പ്രയത്‌നത്തിലൂടെ ആരോഗ്യരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ ഇല്ലാതാക്കാന്‍ അസത്യപ്രചാരകരെ അനുവദിക്കരുതെന്നും അവര്‍ പറഞ്ഞു.
പ്രതിരോധമരുന്നുകളുടെ ആവശ്യകത സംബന്ധിച്ച് പുക്കാട്ടുപടി വള്ളത്തോള്‍ സ്മാരക വായനശാലയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ബോധവല്‍ക്കരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഡോ. അമിത.
പോളിയോ, ഡിഫ്തീരിയ, മീസില്‍സ് - റൂബല്ല എന്നിവയ്ക്ക് മാത്രമല്ല മറ്റ് നിരവധി രോഗങ്ങള്‍ക്കുള്ള വാക്‌സിനുകളും ശാസ്ത്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയില്‍ ജീവനും സമൂഹത്തിന് പൊതുവെയും ഭീഷണിയാകുന്ന രോഗങ്ങള്‍ക്കുള്ള വാക്‌സിനുകളാണ് പൊതുജനാരോഗ്യ സംവിധാനത്തിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് മറ്റ് വാക്‌സിനുകളും ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിയും. വാക്‌സിനുകളുടെ ഗുണഫലം അനുവദിച്ച തലമുറയില്‍ പെട്ടവര്‍ തങ്ങളുടെ കുട്ടികള്‍ക്ക് ഇവ നല്‍കില്ലെന്ന് വാശി പിടിക്കുന്നത് ക്രൂരതയാണെന്നും ഡോ. അമിത ചൂണ്ടിക്കാട്ടി.
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. മുതാസ് ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ജേക്കബ്.സി.മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍, ബെന്നി മാത്യു, പി.വി. സുരേന്ദ്രന്‍, രാജന്‍ കൊമ്പനാലി, കെ.ആര്‍. പവിത്രന്‍, ലിസി ജേക്കബ്, സുജ സജീവന്‍, എന്‍. മുരളീധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
- Log in to post comments