Skip to main content

എല്ലാ ജില്ലകളിലും ഭിന്നശേഷിക്കാര്‍ക്കായി പുനരധിവാസ കേന്ദ്രം സ്ഥാപിക്കും: മന്ത്രി കെ.കെ. ശൈലജ

കൊച്ചി: ഭിന്നശേഷിക്കാരായവര്‍ക്കായി എല്ലാ ജില്ലകളിലും പുനരധിവാസ കേന്ദ്രം സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നവീകരിച്ച ജില്ലാ ഇടപെടല്‍ കേന്ദ്രത്തിന്റെയും (District Early Intervention Cetnre) സഞ്ചരിക്കുന്ന യൂണിറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 18 വയസിനു താഴെ പ്രായമുളളവരുടെ ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ കണ്ടെത്തുന്ന ഇടപെടല്‍ കേന്ദ്രം മുതല്‍ പുനരധിവാസം വരെയുള്ള 22 പദ്ധതികളാണ് ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിലൊന്നാണ് അനുയാത്ര എന്ന സഞ്ചരിക്കുന്ന യൂണിറ്റും. മെഡിക്കല്‍ സംഘം നേരിട്ട് ബ്ലോക്ക് തലത്തിലെത്തി പരിശോധന നടത്തുകയാണ് ലക്ഷ്യം. 25 വാഹനങ്ങളാണ് സംസ്ഥാനത്താകെ ഇതിനായി തയാറാക്കിയിട്ടുള്ളത്. ഭിന്നശേഷിക്കാരായ മക്കളുടെ സംരക്ഷണം മാതാപിതാക്കളുടെ വലിയ ആശങ്കയാണ്. ഇതിനായാണ് ഓരോ ജില്ലയിലും 3.15 ലക്ഷം രൂപ ചെലവില്‍ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. സുമനസുകളായ വ്യക്തികളുടെ സഹകരണവും തേടും.

ജില്ലയില്‍ ആരോഗ്യരംഗത്ത് വലിയ കുതിപ്പാണ് സംഭവിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കളമശേരി മെഡിക്കല്‍ കോളേജ്, ക്യാന്‍സര്‍ സെന്റര്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നീ ചികിത്സാ കേന്ദ്രങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണ്. ആര്‍ദ്രം പദ്ധതിയിലൂടെ ആരോഗ്യരംഗത്ത് പുതിയ മുഖമാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനോടു യോജിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടക്കുന്നത്. ജില്ലയുടെ പ്രവര്‍ത്തനമികവുകൊണ്ടാണ് എറണാകുളം മെഡിക്കല്‍ കോളേജിന് സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തിന്റെ ആദ്യഗഡു ലഭ്യമായത്. പത്ത് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ തസ്തികയാണ് ജില്ലയ്ക്ക് ലഭിച്ചത്. സര്‍ക്കാര്‍ വന്നതിനു ശേഷം 44 ആശുപത്രികളില്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍ ആരംഭിച്ചു. 4200 പുതിയ തസ്തികകളാണ് സൃഷ്ടിച്ചതെന്നും മന്ത്രി പറഞ്ഞു.

ലോക ഭിന്നശേഷി ദിനാചരണം പ്രൊഫ. കെ. വി. തോമസ് എംപി ഉദ്ഘാടനം ചെയ്തു. കുട്ടികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനവും നടന്നു. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ഡിഎംഒ ഇന്‍ ചാര്‍ജ് ഡോ. ശ്രീദേവി, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. എന്‍.എ. ഷീജ, ഐഎംഎ കൊച്ചി ഡോ. വര്‍ഗീസ് ചെറിയാന്‍, ഐഎപി കൊച്ചി പ്രസിഡന്റ് ഡോ. കെ.സി. ജോര്‍ജ്, ജനറല്‍ ഹോസ്പിറ്റല്‍ പ്രിന്‍സിപ്പല്‍ അഡ്‌വൈസര്‍ ഡോ. ജുനൈദ് റഹ്മാന്‍, കെ.ജി.എം.ഒ.എ പ്രസിഡന്റ് ഡോ. വി. മധു, എച്ച്ഡിസി അംഗം പി.എ. ബോസ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. അനിത, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലി തുടങ്ങിയവര്‍ പങ്കെടുത്തു.

date