പൊതുജനാരോഗ്യ രംഗത്ത് സമഗ്ര മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ചരിത്രദൗത്യമാണ് ആര്‍ദ്രം: മന്ത്രി കെ.കെ. ശൈലജ
കൊച്ചി: പൊതുജനാരോഗ്യ രംഗത്ത് സമഗ്ര മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ചരിത്രദൗത്യമാണ് ആര്‍ദ്രം എന്ന സ്വപ്‌ന പദ്ധതി വഴി നിര്‍വഹിക്കപ്പെടുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ആരോഗ്യരംഗത്ത് സമഗ്രമാറ്റം ലക്ഷ്യമിട്ട് സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി ജില്ലാതല സെമിനാര്‍ എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യുകെയിലെ ജനറല്‍ പ്രാക്ടീഷണര്‍ സംവിധാനത്തില്‍ നിന്നും ക്യൂബയിലെ കുടുംബ ഡോക്ടര്‍ സംവിധാനത്തില്‍ നിന്നും നല്ല വശങ്ങള്‍ ഉള്‍ക്കൊണ്ട് നമ്മുടേതായ രീതിയില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന നടപടികളാണ് നടന്നുവരുന്നത്. ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി ജില്ലയില്‍ ആരോഗ്യരംഗത്ത് വിവിധ പദ്ധതികള്‍ നടന്നുവരികയാണ്. പതിനഞ്ച് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുകയാണ്. ഇതില്‍ അഞ്ച് കുടുംബാരോഗ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുന്‍കരുതലിനേക്കാള്‍ ചികിത്സയ്ക്ക് പ്രാധാന്യം നല്‍കുന്ന രീതിയാണ് ഇന്നുള്ളത്. മുന്‍കരുതല്‍ എന്ന പ്രാഥമികാരോഗ്യ തലത്തെ തിരിച്ചുകൊണ്ടു വരികയും രോഗിയുടെ ബന്ധുക്കളായി കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തകര്‍ മാറുകയും വേണം. ശിശു മരണനിരക്ക്, മാതൃമരണ നിരക്ക് എന്നിവ ഗണ്യമായി കുറയ്ക്കാന്‍ നമുക്ക് സാധിച്ചു. ജനസംഖ്യയുടെ 67% വും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. സാധാരണക്കാരന് ഉയര്‍ന്ന നിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കൂട്ടായ പ്രവര്‍ത്തനം ഇതിനാവശ്യമാണ്. കഴിഞ്ഞ മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ കാര്യക്ഷമമായി ചെറുക്കാന്‍ നമുക്ക് കഴിഞ്ഞു. ലോകവ്യാപകമായി പകര്‍ച്ചവ്യാധികളുണ്ടായെങ്കിലും നമുക്ക് അവയെ കാര്യക്ഷമമായി പ്രതിരോധിക്കാന്‍ സാധിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ണ്ണായക പ്രാധാന്യമുള്ള ജാഗ്രത പദ്ധതി പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വളരെ സഹായകരമാകും. കൂടാതെ ജീവിത ശൈലീ രോഗങ്ങള്‍ക്കെതിരേ ശാസ്ത്രീയ സമീപനത്തിലൂന്നിയുള്ള ചികിത്സ ആവശ്യമാണ്. ഇക്കാര്യങ്ങളിലെല്ലാം സമഗ്രമായ ആരോഗ്യ പരിരക്ഷയാണ് ആര്‍ദ്രം പദ്ധതി ലക്ഷ്യമിടുന്നത്. ഉച്ചവരെയുണ്ടായിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വൈകിട്ട് വരെ ഡോക്ടറെ കാണാം. സ്‌പെഷ്യലിസ്റ്റ് ഡോക്ടറടക്കം
മൂന്ന് ഡോക്ടര്‍മാരാണ് ഇവിടെ ഉണ്ടാകുക. കൂടാതെ മനോഹരമായ അന്തരീക്ഷം, റിസപ്ഷന്‍, മികച്ച കണ്‍സള്‍ട്ടിംഗ് സെന്റര്‍, ഇമ്യൂണൈസേഷന്‍ സെന്റര്‍, പുല്‍ത്തകിടി, ശുചിമുറി തുടങ്ങിയവ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സജ്ജീകരിക്കും. രോഗിയുടെ മാനസികാവസ്ഥയില്‍ വളരെ പ്രധാനമാണ് ആശുപത്രിയിലെ നല്ല അന്തരീക്ഷം. ക്യാന്‍സര്‍ രോഗം വരെ കണ്ടെത്താന്‍ കഴിയുന്ന തലത്തിലേക്ക് കുടംുബാരോഗ്യ കേന്ദ്രങ്ങള്‍ ഉയരും. ഹോമിയോ, ആയുര്‍വേദം എന്നിവയും ഒത്തുചേര്‍ന്ന് ആയുഷ് വിഭാഗത്തിന്റെ കൂടി സഹകരണത്തോടെ സമഗ്രമായ സമീപനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ഡിഎംഒ ഇന്‍ ചാര്‍ജ് ഡോ. എസ്. ശ്രീദേവി, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ.ആര്‍. വിദ്യ, ആയുഷ് സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. സുഭാഷ്, ആയുര്‍വേദ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. എന്‍. സുബ്രഹ്മണ്യന്‍ നമ്പൂതിരി, ഹോമിയോ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ലീന റാണി, ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments