Skip to main content

അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവ് 2018 വിവിധ ചികിത്സാരീതികളുടെ ഹബ്ബായി കേരളം മാറും: മന്ത്രി കെ.കെ. ശൈലജ

 

കൊച്ചി: പരമ്പരാഗതവും ശാസ്ത്രീയവുമായ അറിവുകളും സംയോജിപ്പിച്ചുള്ള ചികിത്സാരീതികളുടെ ഹബ്ബായി കേരളം മാറുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. 2018 മെയില്‍ നടക്കുന്ന അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ സംഘാടക സമിതി രൂപീകരണ യോഗം എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുജനാരോഗ്യത്തിന് ആയുഷിനെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും കേരളത്തിലെ തനത് ചികിത്സാരീതികള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനുമായാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ പൈതൃക സമ്പത്തായ ആയുര്‍വേദത്തിന് വലിയ വികസന സാധ്യതയാണുള്ളത്. ഔഷധച്ചെടികളുടെ വലിയ കലവറയാണ് കേരളം. അത് നശിക്കാതെ സംരക്ഷിക്കപ്പെടുകയും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയും വേണം. ആയുര്‍വേദ ചികിത്സാരംഗത്ത് ഗവേഷണങ്ങള്‍ക്കായി അന്താരാഷ്ട്ര ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ഹോമിയോ മേഖലയിലും പുതിയ ഗവേഷണ കേന്ദ്രങ്ങള്‍ ആരംഭിക്കും. സിദ്ധ, യുനാനി ഇന്‍സറ്റിറ്റിയൂട്ടുകളും സ്ഥാപിക്കും. കൂടാതെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും യോഗ ഉപയോഗപ്പെടുത്തും. അത്തരത്തില്‍ അലോപ്പതിയോടൊപ്പം തന്നെ പാരമ്പര്യ അറിവുകളും ശാസ്ത്രീയ അറിവുകളും സംയോജിപ്പിച്ചുള്ള സമഗ്ര ചികിത്സാ രീതി പ്രയോജനപ്പെടുത്തുന്നതിന് എല്ലാ ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. 

കേരളത്തിലെ ആരോഗ്യമേഖലയില്‍ സഹകരിച്ചുള്ള പ്രവര്‍ത്തനത്തിന് ശ്രീലങ്ക തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. പൊതുമേഖലയിലെ ഹോമിയോ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഹോംകോയില്‍ നിന്ന് മരുന്ന് വാങ്ങുന്നതിനുളള സന്നദ്ധതയും ശ്രീലങ്ക അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

കേരളത്തിന്റെ പാരമ്പര്യ ചികിത്സാരീതികളുടെ പ്രദര്‍ശനം, ശാസ്ത്ര-ഗവേഷണ അറിവുകളുടെ പ്രദര്‍ശനം, ആയുഷ് സംവിധാനത്തിലെ ചികിത്സാ രീതികള്‍, ആയുഷ് നയരൂപീകരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ച, ഔഷധ നയരൂപീകരണം, ക്വിസ് മത്സരം, വിദ്യാഭ്യാസ പ്രദര്‍ശം, ആയുഷ് ക്ലിനിക്ക്, ബിസിനസ് മീറ്റ്, ആയുര്‍വേദ വിദ്യാഭ്യാസ എക്‌സ്‌പോ, സൗഹാര്‍ദ സമ്മേളനം എന്നിവ കോണ്‍ക്ലേവില്‍ നടക്കും. ആയുര്‍വേദം, യോഗ & നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോ എന്നീ ചികിത്സാരീതികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ കേരളത്തിന്റെ പാരമ്പര്യ അറിവുകളെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ചികിത്സാരീതികളും അറിവുകളും ഇവിടെ ലഭ്യമാക്കുകയും ചെയ്യും. 

മുന്‍കരുതല്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ ആയുഷിന് കഴിയുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഹൈബി ഈഡന്‍ പറഞ്ഞു. കേരളത്തിന്റെ സാധ്യതകള്‍ കോണ്‍ക്ലേവിലൂടെ ലോകത്തിനു മുന്നില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ആയുര്‍വേദ ഉത്പന്നങ്ങള്‍ കുത്തക കമ്പനികള്‍ ഇവിടെയെത്തിച്ച് വില്‍പ്പന നടത്തുമ്പോള്‍ ഔഷധ സസ്യങ്ങളുടെ കലവറയായ കേരളം അവഗണിക്കപ്പെടുകയാണെന്ന് ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ പറഞ്ഞു. 

കോണ്‍ക്ലേവ് സംഘാടനവുമായി ബന്ധപ്പെട്ട് 101 പേര്‍ അംഗങ്ങളായുള്ള സംഘാടക സമിതി യോഗത്തില്‍ രൂപീകരിച്ചു. മുഖ്യമന്ത്രി രക്ഷാധികാരിയായും ആരോഗ്യ വകുപ്പ് മന്ത്രി ചെയര്‍പേഴ്‌സണായുമുള്ള സമിതിയില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വകുപ്പ് മേധാവികള്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, വിവിധ ബോര്‍ഡ് അംഗങ്ങള്‍, പോലീസ് തുടങ്ങിയവര്‍ അംഗങ്ങളാണ്. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരെ കോണ്‍ക്ലേവിലെത്തിക്കുന്നതിനായി ഇന്റര്‍നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍മാരെയും തിരഞ്ഞെടുത്തിട്ടുണ്ട്. 

ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. കെ. ജമുന, ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. ഉഷ കുമാരി, ഐഎസ്എം ഡയറക്ടര്‍ ഡോ. അനിക ജേക്കബ്, സ്‌റ്റേറ്റ് മെഡിസിനല്‍ ബോര്‍ഡ് സിഇഒ ഡോ. രാധാകൃഷ്ണന്‍, ഹോംകോ എംഡി ഡോ. ജോയ്, ഔഷധി ഡയറക്ടര്‍ ഉത്തമന്‍, ആയുഷ് മിഷന്‍ ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു. 

date