Skip to main content

ഭിന്നശേഷി സൗഹൃദ സംസ്ഥാനമാകാന്‍ അനുയാത്ര

കൊച്ചി: കേരളം ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യ സുരക്ഷ മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പ്രത്യേക ക്യാംപെയ്ന്‍ അനുയാത്രയുടെ ഭാഗമായുള്ള പ്രാരംഭ ഇടപെടല്‍ കേന്ദ്രവും സഞ്ചരിക്കുന്ന യൂണിറ്റും ജില്ലയില്‍ സജ്ജമായി. പ്രാരംഭ ഇടപെടല്‍ കേന്ദ്രം നേരത്തേ പ്രവര്‍ത്തനമാരംഭിച്ചിരുന്നെങ്കിലും കൂടുതല്‍ മികച്ച പ്രവര്‍ത്തനം ലക്ഷ്യമിട്ട് നവീകരിച്ച കേന്ദ്രത്തിന്റെയും സഞ്ചരിക്കുന്ന യൂണിറ്റുകളുടെയും ഉദ്ഘാടനമാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിര്‍വഹിച്ചത്. 

അനുയാത്ര പ്രത്യേക ക്യാംപെയ്‌ന്റെ ഭാഗമായി 25 ഓളം പദ്ധതികളാണ് സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ബി. മുഹമ്മദ് അഷീല്‍ പറഞ്ഞു. ജീവിതചക്ര സമീപനത്തിലൂന്നി മുന്‍കരുതല്‍ മുതല്‍ സുസ്ഥിര പുനരധിവാസം വരെയുള്ള വിവിധ ഘട്ടങ്ങള്‍ ഉള്‍പ്പെടുന്ന പദ്ധതികളാണ് ഇതിലുള്ളത്. അതിലൊന്നാണ് മന്ത്രി തുടക്കം കുറിച്ച സഞ്ചരിക്കുന്ന ഇടപെടല്‍ യൂണിറ്റ്. 18 വയസുവരെയുള്ള കുട്ടികളിലെ വൈകല്യങ്ങള്‍ വളരെ നേരത്തേ കണ്ടെത്തുകയും കൃത്യമായ ചികിത്സയിലൂടെ പരമാവധി വൈകല്യങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നതിനായാണ് പ്രാരംഭ ഇടപെടല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പീഡിയാട്രീഷ്യന്‍, വിവിധ തെറാപ്പിസ്റ്റുകള്‍ തുടങ്ങിയ ടീമാണ് പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തിലുള്ളത്.    

എന്നാല്‍ ജില്ലയിലെ ദൂരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജനറല്‍ ആശുപത്രിയിലെത്തി തുടര്‍ പരിശോധനകളും മറ്റും നടത്തുന്നത് പ്രയാസകരമായി മാറുകയും പിന്നീട് ഈ പരിശോധനകള്‍ തന്നെ നിന്നുപോകുന്ന സാഹചര്യവുമുണ്ടാകുന്നു. അതിനാല്‍ ഓരോ വികസന ബ്ലോക്കിലുമെത്തി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വാതില്‍പ്പടിയില്‍ സേവനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സഞ്ചരിക്കുന്ന യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നത്. സംസ്ഥാനത്തുടനീളം 25 മൊബൈല്‍ യൂണിറ്റുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ആറു വികസന ബ്ലോക്കിന് ഒരു യൂണിറ്റ് എന്ന നിലയിലാണ് ഇവ പ്രവര്‍ത്തിക്കുക. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമായിരിക്കും ആഴ്ചയില്‍ ഒരു ദിവസം എന്ന നിലയില്‍ യൂണിറ്റ് ബ്ലോക്കുകളിലെത്തുക. ജില്ലയില്‍ രണ്ട് സഞ്ചരിക്കുന്ന യൂണിറ്റുകളാണുളളത്. 

ഡെവലപ്‌മെന്റല്‍ തെറാപിസ്റ്റ്, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍, ഫിസിയോതെറാപ്പിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നീ നാല് തെറാപ്പിസ്റ്റുകളുടെ സേവനം യൂണിറ്റില്‍ ആദ്യഘട്ടത്തില്‍ ലഭ്യമായിരിക്കും. പ്രദേശത്തെ ആശ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനവും ലഭ്യമാക്കും. 

നേരിട്ട് പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തിലെത്തി സ്‌ക്രീനിംഗ് നടത്തി ഡോക്ടറുടെ നിര്‍ദേശ പ്രകാരവും തെറാപ്പികള്‍ നടത്താം. മറ്റ് ആശുപത്രികളില്‍ നിന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരവും പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തിലെത്താം. 19.66 ലക്ഷം രൂപ ചെലവിലാണ് യൂണിറ്റ് സജ്ജമാക്കുന്നത്. സാമൂഹ്യ സുരക്ഷ മിഷന്‍ ആണ് പദ്ധതിക്കാവശ്യമായ ഫണ്ട് ചെലവഴിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യമാണ് പദ്ധതി നടപ്പാക്കുന്നത്. കോഴിക്കോട് ഇംഹാന്‍സിന്റെ നേതൃത്വത്തിലാണ് പദ്ധതി ആദ്യമായി അവതരിപ്പിച്ചത്.

date