Skip to main content

ആഗോള കൈകഴുകല്‍ ദിനാചരണം സംഘടിപ്പിച്ചു

 

കൈകളുടെ ശുചിത്വം ഉറപ്പാക്കി പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാം എന്ന സന്ദേശമുയര്‍ത്തി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് അകത്തേതറ ഉമ്മിനി ഗവ. ഹൈസ്‌കൂളില്‍ ആഗോള കൈകഴുകല്‍ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) നേതൃത്വത്തില്‍ ദേശീയാരോഗ്യ ദൗത്യവുമായി (എന്‍.എച്ച്.എം.) സംയുക്തമായാണ് പരിപാടി നടന്നത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൈ കഴുകുന്നതിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം സംഘടിപ്പിച്ചത്.
ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന കൈ കഴുകലിന്റെ ഏഴ് ഘട്ടങ്ങളെക്കുറിച്ച് (സെവന്‍ സ്റ്റെപ്സ് ഓഫ് ഹാന്‍ഡ് വാഷിങ്) ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ നഴ്സിങ് ഓഫീസര്‍ ലക്ഷ്മി സി ക്ലാസിന് നേതൃത്വം നല്‍കി. ഉമ്മിനി ഗവ. ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് സുജാത, ജില്ലാ എഡ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ സയന എസ്, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ രജിത പി.പി, അകത്തേതറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
പ്രായഭേദമെന്യേ ആര്‍ക്കും ലളിതമായി ചെയ്യാന്‍ കഴിയുന്നതും എന്നാല്‍ ഏറ്റവും ഫലപ്രദവുമായ ഒരു രോഗപ്രതിരോധ മാര്‍ഗ്ഗമാണ് കൈകഴുകല്‍. രോഗാണുക്കളെ ഇല്ലാതാക്കാന്‍ സോപ്പും വെള്ളവുമുപയോഗിച്ച് കുറഞ്ഞത് 20 സെക്കന്‍ഡെങ്കിലും കൈകള്‍ നന്നായി തേച്ചുരച്ച് കഴുകുന്നത് എല്ലാവരും ശീലമാക്കണം. കൈകഴുകുന്നതിലൂടെ കോവിഡ്-19, വയറിളക്കം, ടൈഫോയ്ഡ്, ഷിഗെല്ല, ഹെപ്പറ്റൈറ്റിസ്-എ&ഇ, നോറോവൈറസ് തുടങ്ങിയ ജലജന്യരോഗങ്ങള്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, വിരകള്‍ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പ്രതിരോധിക്കാന്‍ സാധിക്കും.
ശരിയായ സമയത്ത് കൈകഴുകുന്നത് രോഗവ്യാപനം തടയാന്‍ അത്യാവശ്യമാണ്. ഭക്ഷണം പാചകം ചെയ്യുന്നതിനോ, കഴിക്കുന്നതിനോ മുന്‍പായും, തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും കൈകൊണ്ടോ തൂവാല ഉപയോഗിച്ചോ മൂടിയതിന് ശേഷവും, ടോയ്‌ലറ്റ് ഉപയോഗിച്ചതിന് ശേഷവും നിര്‍ബന്ധമായും കൈ കഴുകിയിരിക്കണം. കൂടാതെ, കുഞ്ഞുങ്ങളുടെയും കിടപ്പുരോഗികളുടെയും ഡയപ്പറുകള്‍ മാറ്റിയശേഷവും, മലമൂത്രവിസര്‍ജ്ജനം ചെയ്ത കുഞ്ഞുങ്ങളെ വൃത്തിയാക്കിയതിന് ശേഷവും കൈ ശുചിയാക്കണം. അസുഖബാധിതരെയും കിടപ്പുരോഗികളെയും പരിചരിക്കുന്നതിന് മുന്‍പും ശേഷവും, വയറിളക്കം, മഞ്ഞപ്പിത്തം പോലുള്ള അസുഖമുള്ളവര്‍ ഉപയോഗിച്ച വസ്ത്രങ്ങളോ പാത്രങ്ങളോ കൈകാര്യം ചെയ്തതിന് ശേഷവും കൈകഴുകേണ്ടതാണ്. മുറിവ് കഴുകി വൃത്തിയാക്കുന്നതിന് മുന്‍പും ശേഷവും, മാലിന്യങ്ങള്‍ കൈകാര്യം ചെയ്തിന് ശേഷവും, വളര്‍ത്തു മൃഗങ്ങളെ സ്പര്‍ശിച്ചതിന് ശേഷവും അവയുടെ കൂടും പാത്രങ്ങളും കൈകാര്യം ചെയ്തതിന് ശേഷവും കൈ കഴുകുന്നതില്‍ ശ്രദ്ധ പുലര്‍ത്തണം.

 

date