Skip to main content

ദേശീയ വിരവിമുക്ത ദിനം: ജില്ലാതല ഉദ്ഘാടനം ആറിന്

 

ദേശീയ വിരവിമുക്ത ദിനം ജില്ലാതല ഉദ്ഘാടനം ജനുവരി ആറിന് അഡ്വ. കെ ശാന്തകുമാരി പത്തിരിപ്പാല ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉച്ചയ്ക്ക് ഒരുമണിക്ക് നിര്‍വഹിക്കും. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, വനിതാശിശു വികസനം, പട്ടികവര്‍ഗ്ഗ വികസനം എന്നീ വകുപ്പുകള്‍ സഹകരിച്ചാണ് പരിപാടി നടപ്പിലാക്കുന്നത്.

 

വിരബാധ കുട്ടികളുടെ വളര്‍ച്ചയെയും പൊതുവെയുളള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ്.  കുട്ടികളില്‍ വിളര്‍ച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു.  ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒന്ന് മുതല്‍ 14 വയസ് വരെ പ്രായമുള്ള 64 ശതമാനം കുട്ടികളില്‍ വിരബാധയുണ്ടാകുവാന്‍ സാധ്യതയുണ്ട്. 2015 മുതല്‍ ദേശീയ വിരവിമുക്ത ദിനം ആചരിക്കുകയും വര്‍ഷത്തില്‍ ആറ് മാസത്തെ ഇടവേളകളിലായി രണ്ടു പ്രാവശ്യം സ്‌കൂളുകളും അങ്കണവാടികളും വഴി കുട്ടികള്‍ക്ക് വിരനശീകരണത്തിനായി ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കുന്നു.

 

ജനുവരി ആറിന്  സംസ്ഥാനത്തെ ഒന്ന് മുതല്‍ 19 വയസ്സുവരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും  വിരനശീകരണത്തിനുളള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍തിന്റെ ഭാഗമായി  ജില്ലയിലും ആല്‍ബഡസോള്‍ ഗുളിക വിതരണം ചെയ്യും. വിദ്യാര്‍ഥികള്‍ക്ക് അവരുടെ വിദ്യാലയങ്ങളില്‍ (സര്‍ക്കാര്‍, എയ്ഡഡ് ,സ്വകാര്യ സ്‌കൂളുകള്‍) നിന്നും, വിദ്യാലയങ്ങളില്‍ പോകാത്ത കുട്ടികള്‍ക്ക് അങ്കണവാടികളില്‍ നിന്നുമാണ് ഗുളിക നല്‍കുന്നത്.  അങ്കണവാടികളില്‍ രജിസ്റ്റര്‍ ചെയ്യാത്ത കുട്ടികള്‍ക്ക് തൊട്ടടുത്തുള്ള അങ്കണവാടിയിലോ ആരോഗ്യ സ്ഥാപനത്തിലോ ഗുളിക ലഭിക്കും. ഏതെങ്കിലും കാരണത്താല്‍ ജനുവരി ആറിന് ഗുളിക കഴിക്കാന്‍ സാധിക്കാതെ പോയവര്‍ക്ക് ജനുവരി 12-ന് ഗുളിക നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

 

ഒന്ന് മുതല്‍ രണ്ട് വയസ്സുവരെ പ്രായക്കാര്‍ക്ക് അര ഗുളിക (200 മില്ലിഗ്രാം) യും, രണ്ട് മുതല്‍ 19 വയസ്സുവരെ പ്രായക്കാര്‍ക്ക് ഒരു ഗുളിക (400 മില്ലിഗ്രാം) യുമാണ് നല്‍കേണ്ടത്. ചറിയ കുട്ടികള്‍ക്ക് തിളപ്പിച്ചാറിയ വെളളത്തില്‍ ഗുളിക അലിയിച്ചു കൊടുക്കണം.  മുതിര്‍ന്ന കുട്ടികള്‍ ഉച്ചഭക്ഷണത്തിനു ശേഷം ഗുളിക ചവച്ചരച്ച് കഴിക്കണം.  അതോടൊപ്പം തിളപ്പിച്ചാറിയ വെളളം കുടിക്കുകയും വേണം.  അസുഖമുളള കുട്ടികള്‍ക്ക് ഗുളിക നല്‍കേണ്ടതില്ല.  അസുഖം മാറിയതിനു ശേഷം ഗുളിക നല്‍കാവുന്നതാണ്.  ഗുളിക കഴിച്ചതിനു ശേഷം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറില്ല.  എന്നാല്‍ വിരകളുടെ തോത് കൂടുതലുളള കുട്ടികളില്‍ ഗുളിക കഴിക്കുമ്പോള്‍ അപൂര്‍വ്വമായി വയറുവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍, ശരീരത്തില്‍ തടിപ്പുകള്‍ തുടങ്ങിയവ ഉണ്ടായേക്കാം.

   

വിരബാധ

 

വിരബാധ എല്ലാ പ്രായക്കാരെയും ബാധിക്കാമെങ്കിലും സാധാരണയായി കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നത്.  മണ്ണില്‍ കളിക്കുകയും പാദരക്ഷകള്‍ ഉപയോഗിക്കുകയും ചെയ്യാതിരുന്നാല്‍ വിരബാധയുണ്ടാകാനുളള സാധ്യത കൂടുതലാണ്.  ശരീരത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യമായ ഭക്ഷണത്തിലെ പോഷക ഘടകങ്ങള്‍ വിരകള്‍ വലിച്ചെടുക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ പോഷണക്കുറവ് അനുഭവപ്പെടുകയും അത് വളര്‍ച്ചയെ ബാധിക്കുകയും ചെയ്യുന്നു.  സാധാരണ കുടലുകളിലാണ് വിരകള്‍ കാണപ്പെടുന്നത്.  ഉരുളന്‍ വിര (റൗണ്ട് വേം), കൊക്കൊപ്പുഴു (ഹുക്ക് വേം), കൃമി (പിന്‍ വേം), നാടവിര (ടേപ്പ് വേം), ചാട്ട വിര (വിപ് വേം) എന്നിവയാണ് സാധാരണ കാണുന്ന വിരകള്‍.

 

വിരബാധയുടെ ലക്ഷണങ്ങള്‍

 

*മലദ്വാരത്തിന് ചുറ്റുമുളള ചൊറിച്ചില്‍

*മലത്തില്‍ വിരകള്‍ കാണപ്പെടുക

*ഛര്‍ദ്ദിലില്‍ വിരകള്‍ കാണപ്പെടുക

*വിളര്‍ച്ച

*തളര്‍ച്ച, ഉത്സാഹക്കുറവ്

*തൂക്കക്കുറവ്

*മലബന്ധം

*വയറുവേദന

വിരബാധയുളള ഒരാളില്‍ ഉത്സാഹക്കുറവ്, ക്ഷീണം, വിളര്‍ച്ച, വയറുവേദന, തലകറക്കം, ഛര്‍ദ്ദി, പോഷകക്കുറവ്, വിശപ്പില്ലായ്മ, ഭാരക്കുറവ്, ശ്രദ്ധക്കുറവ്, വയറിളക്കം മുതലായവ ഉണ്ടാകാം.  കുട്ടികളില്‍ വിരകളുടെ തോത് വളരെ കൂടുതലാണെങ്കില്‍ കുടലിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുകയും ശരിയായ ചികിത്സ യഥാസമയം ലഭ്യമായില്ലെങ്കില്‍ സങ്കീര്‍ണ്ണമാകുവാനും സാധ്യതയുണ്ട്.

 

വിരബാധ പകരുന്നതെങ്ങനെ?

 

• പൊതുസ്ഥലത്ത് മലവിസര്‍ജ്ജനം ചെയ്യുകയോ വിസര്‍ജ്ജ്യങ്ങള്‍ മണ്ണില്‍ നിക്ഷേപിക്കുകയോ ചെയ്യുമ്പോള്‍ മലത്തിലുളള വിരകളും മുട്ടകളും മണ്ണില്‍ കലരുന്നു. വിസര്‍ജ്ജ്യം കലര്‍ന്ന മണ്ണില്‍ കുട്ടികള്‍ കളിക്കുമ്പോള്‍ കൈകളിലൂടെയും കാലുകളിലൂടെയും ഇവ കുടലിലെത്തുന്നതാണ്.

• മലദ്വാരത്തിനു ചുറ്റും നഖം കൊണ്ട് ചൊറിയുമ്പോള്‍ മുട്ടകളും വിരകളും നഖത്തിലെത്തും.  കുട്ടികള്‍ നഖം കടിക്കുകയോ കൈകഴുകാതെ ഭക്ഷണം കഴിക്കുകയോ ചെയ്യുമ്പോള്‍ ഇവ കുടലില്‍ എത്തും.

• മലത്തില്‍ വന്നിരുന്ന ഈച്ചകള്‍ തുറന്നുവെച്ചിരിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ വന്നിരിക്കുമ്പോള്‍ വിരകളുടെ മുട്ടകളും ഭക്ഷണത്തില്‍ കലരുകയും അവ കുടലിലെത്തുകയും ചെയ്യുന്നു.

• വിസര്‍ജ്ജനമാലിന്യം കലര്‍ന്ന വെളളം തിളപ്പിക്കാതെ ഉപയോഗിക്കുമ്പോഴും വിരബാധയുണ്ടാകാം.

• വിരബാധയുളള കുട്ടികളുടെ അടിവസ്ത്രങ്ങള്‍ കഴുകാതെ ഉപയോഗിക്കുന്നതിലൂടെയും പകരാം.

 

വിരബാധ എങ്ങനെ തടയാം?

 

• ഭക്ഷണത്തിനു മുന്‍പും മലവിസര്‍ജ്ജനത്തിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.

• പഴങ്ങളും പച്ചക്കറികളും ശുദ്ധ ജലത്തില്‍ നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.

• മനുഷ്യരുടെയും മൃഗങ്ങളുടെയും വിസര്‍ജ്ജ്യങ്ങള്‍ ശരിയായി സംസ്‌ക്കരിക്കുക.

• മാംസം നന്നായി പാചകം ചെയ്തുമാത്രം ഉപയോഗിക്കുക.

• കൃത്യമായ ഇടവേളകളില്‍ നഖങ്ങള്‍ വെട്ടി കൈകള്‍ വൃത്തിയായി സൂക്ഷിക്കുന്നുവെന്ന് രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കണം.

• അടിവസ്ത്രങ്ങള്‍ ദിവസേന കഴുകി ഉപയോഗിക്കുക.

• വീടിനു പുറത്തു പോകുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക.

• ഭക്ഷണം അടച്ചു സൂക്ഷിക്കുക.

• തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക.

• തുറസായ സ്ഥലത്തു മലമൂത്ര വിസര്‍ജ്ജനം നടത്താതിരിക്കുക.

• വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കുക.

• ആറുമാസത്തിലൊരിക്കല്‍ വിരനശീകരണത്തിനായി മരുന്ന് കഴിക്കുക.

 

 

 

date