Skip to main content

ഓഖി ചുഴലിക്കാറ്റ്: കടല്‍ഭിത്തി ശക്തിപ്പെടുത്താന്‍ പാക്കേജ് തയ്യാറാക്കും സൗജന്യറേഷന്‍ ഇന്നുമുതല്‍

 

ജില്ലയിലെ കടല്‍ ഭിത്തികള്‍ ശക്തിപ്പെടുത്താന്‍ പാക്കേജ് തയ്യാറാക്കാന്‍ തീരുമാനം. ഓഖി ചുഴലിക്കാറ്റ് ദുരന്തവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ അവലോകനം ചെയ്യാനായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കടല്‍ ഭിത്തിയുമായി ബന്ധപ്പെട്ട് കുറേ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അവ ഹാര്‍ബര്‍ എന്‍ജിനീയറിംഗ്, ഇറിഗേഷന്‍ വകുപ്പുകളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹായത്തോടെ പുനപ്പരിശോധിക്കും.  കടല്‍ ഭിത്തി ശക്തിപ്പെടുത്താനായി ഭിത്തിയോട് ചേര്‍ന്ന് കണ്ടല്‍ക്കാടുകള്‍ വച്ച് പിടിപ്പിക്കും. കടല്‍ഭിത്തിയുടെ 50 മീറ്റര്‍ ചുറ്റളവിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാനായി പുനരധിവാസ പാക്കേജ് ഉണ്ടാക്കാന്‍ ഉടന്‍ ശ്രമം ആരംഭിക്കും. കൊയിലാണ്ടി, വടകര, കോഴിക്കോട്, കടലുണ്ടി മേഖലകളില്‍ ഒട്ടേറെ കുടുംബങ്ങള്‍ കടല്‍ ഭിത്തിയോട് ചേര്‍ന്ന് താമസിക്കുന്നുണ്ട്.
പ്രശ്‌ന ബാധിത മേഖലകളില്‍ ഇന്ന് മുതല്‍ സൗജന്യ റേഷന്‍ വിതരണം ആരംഭിക്കും. ഇതിനാവശ്യമായ ലിസ്റ്റ് തയ്യാറാക്കാന്‍ റവന്യു, ഫിഷറീസ് വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍  അറിയിച്ചു. 
കടല്‍ ക്ഷോഭത്തോടെ തീരപ്രദേശങ്ങളില്‍ കുടിവെള്ള പ്രശ്‌നം നേരിടുന്നുണ്ട്. കടലുണ്ടി, പയ്യോളി ഭാഗത്ത് തീരപ്രദേശത്തെ കിണറുകള്‍ ഉപ്പുവെള്ളം കയറിയ നിലയാണ്. ഇത്തരം മേഖലകളില്‍ വരള്‍ച്ചാ ബാധിത കാലത്തേതിന് സമാനമായ ജലവിതരണ സംവിധാനം ആരംഭിക്കും. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് ആവശ്യമായ നടപടികള്‍ എടുക്കും. 
കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ജില്ലയില്‍ വിവിധ മേഖലകളിലായി 630 പേരെ മാറ്റി പാര്‍പ്പിച്ചിരുന്നു. കടലുണ്ടി ഒഴികെ ബാക്കി എല്ലാ ക്യാമ്പുകളിലുമുള്ളവര്‍ തിരികെ വീട്ടിലേക്ക് മടങ്ങി. കടലുണ്ടിയില്‍ മൂന്ന് ക്യാമ്പുകളിലായി 160 പേര്‍ താമസിക്കുന്നുണ്ട്. ജില്ലയില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയ 61 ബോട്ടുകളില്‍ 25 ബോട്ടുകള്‍ തിരിച്ചെത്തുന്നതായി അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ള ബോട്ടുകള്‍ മഹാരാഷ്ട്രയിലും കര്‍ണാടകയിലുമായി എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. അവയെല്ലാം തിരിച്ചെത്തിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് വിവിധ ലോഡ്ജുകളിലായി താമസിക്കുന്ന 110 ലക്ഷദ്വീപ് നിവാസികള്‍ക്ക് ഇന്ന് മടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജില്ലാ കലക്ടര്‍ യു.വി ജോസ് യോഗത്തില്‍ അറിയിച്ചു. ഇവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ജില്ലാ ഭരണകൂടം ഉറപ്പാക്കിയിട്ടുണ്ട്. 
എം.കെ. രാഘവന്‍ എം.പി, എം.എല്‍.എ മാരായ വി.കെ.സി. മമ്മദ്‌കോയ, ഡോ.എം.കെ. മുനീര്‍, കെ.ദാസന്‍, സി.കെ. നാണു, എ.കെ. ശശീന്ദ്രന്‍,  മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, എ.ഡി.എം ടി. ജെനില്‍ കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date