Skip to main content

ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് ഗ്രാന്‍ഡ് ഫിനാലെ ഫെബ്രുവരി 22ന് തിരുവനന്തപുരത്ത്; മുഖ്യമന്ത്രി സമ്മാനദാനം നിര്‍വഹിക്കും

 

കേരളത്തിന്റെ സാമൂഹിക, വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ചരിത്രവും വര്‍ത്തമാനവും പ്രമേയമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസിന്റെ ആദ്യ എഡിഷന്‍ ഗ്രാന്‍ഡ് ഫിനാലെയും സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും 2026 ഫെബ്രുവരി 22-ന് തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.30 ന് കോളേജ് വിഭാഗം മത്സരവും ഉച്ചക്ക് 1.30 ന് സ്‌കൂള്‍ വിഭാഗം മത്സരവും നടക്കും. സ്‌കൂള്‍, കോളേജ് വിഭാഗങ്ങളിലായി ഏകദേശം അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് വിവിധ ഘട്ടങ്ങളിലായി മത്സരത്തില്‍ പങ്കെടുത്തത്. ശരിയുത്തരങ്ങള്‍ക്ക് കാണികള്‍ക്കും സമ്മാനം ലഭിക്കുന്ന ജനകീയ ക്വിസ് ഷോയായാണ് മത്സരം സംഘടിപ്പിക്കുന്നത്.

 

വൈകുന്നേരം 4.30 ന്  നടക്കുന്ന ചടങ്ങില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയും വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിക്കുകയും ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു മുഖ്യാതിഥിയായി പങ്കെടുക്കും. മേയര്‍ വി വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദര്‍ശിനി എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സ്പെഷ്യല്‍ സെക്രട്ടറി ടി വി സുഭാഷ് സ്വാഗതം ആശംസിക്കും.

 

ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി, കോളേജിയേറ്റ് എജ്യുക്കേഷന്‍ ഡയറക്ടര്‍ കെ സുധീര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്‍ എസ് കെ ഉമേഷ് എന്നിവര്‍ ആശംസകള്‍ നേരും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ ജി സന്തോഷ് നന്ദി അറിയിക്കും.

 

സ്‌കൂള്‍ വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം രൂപയും കോളേജ് വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപയും ക്യാഷ് അവാര്‍ഡായി നല്‍കും. ഇതോടൊപ്പം പ്രശസ്തിപത്രവും മെമെന്റോയും സമ്മാനിക്കും.

 

        ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.

 

 

 

 

 

date