നിയമസഭാ തിരഞ്ഞെടുപ്പ് : ജില്ലയില്‍ നിരീക്ഷണത്തിനായി ഫ്‌ളയിങ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ പെരുമാറ്റച്ചട്ട ലംഘനങ്ങളും തിരഞ്ഞെടുപ്പ് ചെലവുകളും നിരീക്ഷിക്കുന്നതിനായി ഫ്‌ളയിങ് സ്‌ക്വാഡുകള്‍ രൂപീകരിച്ച് ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ എം എസ് മാധവിക്കുട്ടി ഉത്തരവിറക്കി. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, മറ്റ് പാരിതോഷികങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നത് തടയുന്നതിനും ക്രമസമാധാന പാലനത്തിനുമായാണ് ഈ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുക. ഭാരതീയ ന്യായ സംഹിത, ജനപ്രാതിനിധ്യ നിയമം എന്നിവ പ്രകാരം കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ തടയുക എന്നതാണ് സ്‌ക്വാഡിന്റെ പ്രധാന ലക്ഷ്യം. ജില്ലയിലെ തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട്, തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ എന്നീ പന്ത്രണ്ട് നിയമസഭാ മണ്ഡലങ്ങളിലായി 42 സ്‌ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍, ചിറ്റൂര്‍ മണ്ഡലങ്ങളില്‍ ആറ് സ്‌ക്വാഡുകളെ വീതം വിന്യസിച്ചിട്ടുണ്ട്. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, പാലക്കാട്, തരൂര്‍, നെന്മാറ, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളില്‍ മൂന്ന് സ്‌ക്വാഡുകള്‍ വീതമാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ സ്‌ക്വാഡിലും അസിസ്റ്റന്റ് സെക്രട്ടറിമാര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, സീനിയര്‍ ക്ലര്‍ക്കുമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഓരോ സ്‌ക്വാഡിനെയും നയിക്കുന്നത് ഒരു എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റായിരിക്കും. കൂടാതെ പരിശോധനകള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനായി ഒരു വീഡിയോഗ്രാഫറും സ്‌ക്വാഡിനെ സഹായിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടാകും.തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ വിഭാഗം നോഡല്‍ ഓഫീസറുടെയും ഫിനാന്‍സ് ഓഫീസറുടെയും കീഴിലായിരിക്കും ഈ ടീമുകള്‍ പ്രവര്‍ത്തിക്കുന്നത്.
- Log in to post comments