നിയമസഭാ തിരഞ്ഞെടുപ്പ് : ജില്ലയില്‍ ഹരിതചട്ടം പാലിച്ച് നടപ്പിലാക്കും
ഇലക്ഷന് കമ്മീഷന്റെ തീരുമാനമനുസരിച്ച് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലും ഹരിത പരിപാലന ചട്ടം പാലിക്കുന്നതിനുള്ള നടപടികള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. പ്ലാസ്റ്റിക്, പി.വി.സി, ഡിസ്പോസിബിള്‍ വസ്തുക്കള്‍ പരമാവധി ഒഴിവാക്കി പുനരുപയോഗിക്കാന്‍ കഴിയുന്നതും പുന: ചംക്രമണത്തിനു വിധേയമാക്കാന്‍ സാധിക്കുന്നതുമായ പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദമായിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.
സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍, പോസ്റ്ററുകള്‍, കമാനങ്ങള്‍, ചുവരെഴുത്തുകള്‍, സ്റ്റിക്കറുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് പി.വി.സി ഫ്ലക്സ്, പോളിസ്റ്റര്‍ നൈലോണ്‍, കൊറിയന്‍ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള തുണി, പോളിസ്റ്റര്‍ കൊണ്ടുള്ള തുണി തുടങ്ങി പ്ലാസ്ക്കിന്റെ അംശമോ പ്ലാസ്റ്റിക് കോട്ടിംങ്ങോ ഉള്ള പുന: ചംക്രമണം സാധ്യമല്ലാത്ത എല്ലാത്തരം സാമഗ്രികളുടെയും ഉപയോഗം ഒഴിവാക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രിന്റിങ് സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസറായി ജില്ലാ ശുചിത്വമിഷന് കോര്‍ഡിനേറ്റര്‍ ജി വരുണ്‍ നിയമിച്ചു.
കേരള ഹൈക്കോടതി ഉത്തരുവുകളുടെയും അതിനെ തുടര്‍ന്നുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെയും നിബന്ധനങ്ങളും പാലിച്ചു കൊണ്ട് മലിനീകരണ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്ത റീ സൈക്കിള്‍ ചെയ്യാവുന്ന പോളി എത്തിലിന്‍, ശതമാനം കോട്ടണ്‍ എന്നിവയില്‍ പി.വി.സി ഫ്രീ, റീ സൈക്ലബിള്‍ ലോഗോ, പ്രിന്റിങ് യൂണിറ്റിന്റെ പേര്, നമ്പര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നമ്പര്‍/ക്യൂ ആര് കോഡ് എന്നിവ പതിച്ചു കൊണ്ടുള്ള ബാനറുകള്‍, പോസ്റ്ററുകള്‍ മാത്രമേ സ്ഥാപനങ്ങളില്‍ പ്രിന്റിങ് നടത്താന്‍ അനുമതിയുളളു എന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്കി. നിരോധിത വസ്തുക്കള്‍ കൊണ്ട് സ്ഥാപിക്കപ്പെടുന്ന കമാനങ്ങള്‍, പരസ്യ ബോര്‍ഡുകള്‍, മറ്റ് പ്രചാരണ സാമ്രഗ്രികള്‍ എന്നിവ ജില്ല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്, തദ്ദേശ സ്ഥാപനങ്ങളിലെ വിജിലന്‍സ് വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ പരിശോധന നടത്തും. ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന സാധനങ്ങള്‍ പൊതു സ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്യേണ്ടി വരുന്ന പക്ഷം ആയതിനുണ്ടാകുന്ന ചെലവ് ഈടാക്കുന്നതിലേക്കായി കേരള മുന്‍സിപ്പാലിറ്റി ആക്ട്, കേരള പഞ്ചായത്ത് രാജ് ആക്ട് എന്നിവയിലെ ബന്ധപ്പെട്ട വകുപ്പുകളും ചട്ടങ്ങളും പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ പിഴ ഈടാക്കും. വിവിധ തിരഞ്ഞെടുപ്പ് സ്ക്വാഡുകള്‍ പിടിച്ചെടുത്ത ബോര്‍ഡുകള്‍, കൊടി തോരണങ്ങള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് സംസ്കരിക്കും.
തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷനുകള്‍, റോഡ് ഷോകള്‍, യോഗങ്ങള്‍, റാലികള്‍, സമ്മേളനങ്ങള്‍, എന്നിവയില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാത്തരം ഡിസ്പോസിബിള്‍ വസ്തുക്കളുടെയും ഉപയോഗം ഒഴിവാക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ടു എല്ലാവിധ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും പരിസ്ഥിതി സൗഹൃദവും പുന: ചംക്രമണം ചെയ്യാന്‍ കഴിയുന്നതുമായ വസ്തുക്കള്‍ ഉപയോഗിക്കും. ഇതിന്റെ ഉറപ്പ്വരുത്തുന്നതിന്റെ ഭാഗമായി റിട്ടേണിങ് ഓഫീസര്‍, അസി. റിട്ടേണിങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് ഓറിയന്റേഷന്‍ നല്കി. പോളിങ് ഉദ്യോഗസ്ഥര്‍, ഏജന്റുമാര്‍ എന്നിവര്‍ക്ക് ഗ്രീന്‍ പ്രോട്ടോകോള്‍ സംബന്ധിച്ച് പരിശീലനം നല്‍കും.
പോളിങ് സ്റ്റേഷനുകള്‍,പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന സെന്ററുകള്‍,വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ഹരിത കര്‍മ്മ സേനയെ ചുമതലപ്പെടുത്തും. ഇവിടെ ഉണ്ടാകുന്ന മാലിന്യങ്ങള്‍ തരം തിരിച്ച് സംഭരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കും. സംഭരിക്കുന്ന മാലിന്യങ്ങള്‍ എം.സി.എഫ്/ആര്.ആര്.എഫുകളില്‍ എത്തിച്ച് സര്‍ക്കാര്‍/ശുചിത്വമിഷന് അംഗീകൃത ഏജന്‍സികള്‍ക്ക് കൈമാറും.
- Log in to post comments