ആറളം ഫാമില്‍ 85 കോടിയുടെ സമഗ്ര വികസന പദ്ധതി വരുന്നു മാതൃകാ പുനരധിവാസ പദ്ധതി പ്രവൃത്തി ഉദ്ഘാടനം ജനുവരി ആറിന്
ആറളം സെന്‍ട്രല്‍ സ്റ്റേറ്റ് ഫാമിലെ പട്ടിക വര്‍ഗ വിഭാഗങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 85.21 കോടിയുടെ മാതൃകാ പുനരധിവാസ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ജനുവരി ആറിന് നടക്കും. നബാര്‍ഡിന്റെ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫണ്ടില്‍ നിന്നുള്ള 42.68 കോടി, സംസ്ഥാനസര്‍ക്കാരില്‍ നിന്ന് സ്വയം വിരമിക്കല്‍ പദ്ധതി പ്രകാരമുള്ള 11.93 കോടി, കിഫ്ബിയില്‍ നിന്നുള്ള 17.75 കോടി, ഐടിഡിപിയുടെ ക കോടി, കേന്ദ്ര പദ്ധതിയില്‍ നിന്നുള്ള 6.85 കോടി ഉള്‍പ്പെടെ വിവിധ പദ്ധതികളിലായാണ് 85.21 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പുനരധിവാസ മേഖലയില്‍ നടപ്പിലാക്കുന്നത്.
പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുനരധിവാസ മേഖലയുടെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതി പട്ടകവര്‍ഗമേഖലയില്‍ ഇതാദ്യമാണെന്നും രാജ്യത്തിന് മാതൃകയാണിതെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ-തൊഴില്‍ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി പട്ടികവര്‍ഗ കുടുംബങ്ങളെ ശാക്തീകരിക്കുന്നതിലൂടെ അവരെ മറ്റുള്ളവര്‍ക്കൊപ്പമെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ മികച്ച പരിഗണന നല്‍കുന്നത്. ഇക്കാര്യത്തില്‍ വലിയ പുരോഗതി കൈവരിക്കാന്‍ ഇതിനകം സാധിച്ചതായും മന്ത്രി പറഞ്ഞു.
ആറളം പുനരധിവാസ മേഖലയില്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ (2.71 കോടി), ബോയ്‌സ് ഹോസ്റ്റല്‍ (2.45 കോടി), അഞ്ച് കമ്മ്യൂണിറ്റി ഹാളുകള്‍ (2.59 കോടി), മൂന്ന് അങ്കണവാടികള്‍ (1.13 കോടി), വന്യമൃഗ ശല്യം തടയുന്നതിനായുള്ള ഫെന്‍സിംഗ് (3.11 കോടി), വൈദ്യുതി ശൃംഖല (1.03 കോടി), രണ്ട് എല്‍.പി. സ്‌കൂളുകള്‍ (3.72 കോടി), കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ (1.26 കോടി), അഞ്ച് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ (2.17 കോടി), റോഡുകള്‍ (3.78 കോടി), ഓടന്‍തോട്, വയലഞ്ചാല്‍ എന്നിവിടങ്ങളില്‍ പാലങ്ങള്‍ (9.96 കോടി), ഹോമിയോ ഡോക്ടറുടെ ക്വാര്‍ട്ടേഴ്‌സ് (50.57 ലക്ഷം), പാല്‍ സംഭരണ-വിതരണ കേന്ദ്രം (33.24 ലക്ഷം), അദ്ധ്യാപക ക്വാര്‍ട്ടേഴ്‌സ് (51.38 ലക്ഷം), ആയുര്‍വേദ ഡിസ്‌പെന്‍സറി (28.31 ലക്ഷം), കുടിവെള്ള വിതരണ പദ്ധതികള്‍ (1.07 കോടി), കൃഷിഭവന്‍ (26.7 ലക്ഷം), വെറ്ററിനറി ഡിസ്‌പെന്‍സറി (25.18 ലക്ഷം), സ്റ്റേഡിയം (32.99 ലക്ഷം), മൂന്ന് ക്ലാസ് മുറികള്‍, ഓഡിറ്റോറിയം (49 ലക്ഷം) എന്നിവയാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്ന നബാര്‍ഡ് പദ്ധതികള്‍. കിഫ്ബിയില്‍ നിന്നുള്ള 17.75 കോടിയുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ നിര്‍മ്മാണം ഇതിനകം ആരംഭിച്ചു. കേന്ദ്ര പദ്ധതിയില്‍ നിന്നുള്ള 6.85 കോടിരൂപ ചെലവില്‍ നൂറ് കുട്ടികള്‍ക്ക് താമസിക്കാവുന്ന പ്രീ-മെടിക് ഹോസ്റ്റല്‍ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. നബാര്‍ഡ് ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന നാലു കിലോമീറ്റര്‍ ഫെന്‍സിംഗിനു പുറമെ, ബാക്കിയുള്ള മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ ടിആര്‍ഡിഎമ്മിന്റെ ആറു കോടി രൂപ ഉപയോഗിച്ച് മതിലും നിര്‍മിക്കുന്നുണ്ട്. ഒന്നര വര്‍ഷം കൊണ്ട് പദ്ധതി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. സമയബന്ധിതമായി പ്രവൃത്തികള്‍ പുരോഗമിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ റിവ്യൂ കമ്മിറ്റിക്ക് രൂപം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ആറളം പുനരധിവാസ മേഖലയില്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. ആവശ്യമെങ്കില്‍ ഗോത്രഭാഷ അറിയുന്ന അധ്യാപകരെ മേഖലയില്‍ നിയമിക്കും. മികച്ച നൈപുണ്യ പരിശീലനത്തിലൂടെ വിദേശ രാജ്യങ്ങളിലുള്‍പ്പെടെ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. മലേഷ്യ, സിംഗപ്പൂര്‍, ബഹ്‌റൈന്‍, മസ്‌ക്കറ്റ് എന്നിവിടങ്ങളിലായി 230 പേര്‍ക്ക് തൊഴില്‍ നല്‍കിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളിലെ ഓരോ വീട്ടിലെയും ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചുവരുന്നതായും മന്ത്രി പറഞ്ഞു.
ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് അഡീഷനല്‍ ഡയരക്ടര്‍ എസ് സാജു, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ ജാക്വലിന്‍ ഷൈനി ഫെര്‍ണാണ്ടസ് എന്നിവരും സംബന്ധിച്ചു.
- Log in to post comments