Skip to main content

അർഹതപ്പെട്ട മുഴുവൻ പേർക്കും പട്ടയം നൽകും - മന്ത്രി ഇ.ചന്ദ്രശേഖരൻ

· ജില്ലാതല പട്ടയ മേളയിൽ 146 പട്ടയങ്ങൾ നൽകി

 

ആലപ്പുഴ:  സംസ്ഥാനത്ത് അവശേഷിക്കുന്ന മുഴുവൻ അർഹതപ്പെട്ടവർക്കും പട്ടയം നൽകുമെന്ന് റവന്യൂ- ഭവനനിർമ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. ആലപ്പുഴ ടൗൺഹാളിൽ നടന്ന ജില്ലാ പട്ടയ മേളയുടെ ഉദ്ഘാടനവും പട്ടയവിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

 

സംസ്ഥാനത്ത് 50,000 പട്ടയങ്ങൾ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പട്ടയമേളകൾ നടന്നുവരുന്നത്. വരുന്ന ഒരു മാസത്തിനുള്ളിൽ ഇരുപത്തിഅയ്യായിരത്തോളം പട്ടയങ്ങൾ വിതരണത്തിന് തയ്യാറായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.  ലാൻഡ് ട്രൈബ്യൂണലിൽ  കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. ഓരോ ആറുമാസം കൂടുമ്പോഴും ജില്ലകളിൽ ഒരു പട്ടയമേള നടത്തണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഇന്നലെ നടന്ന ജില്ലാതല പട്ടയമേളയിൽ 146 പട്ടയങ്ങളും 6 കൈവശ രേഖകളും വിതരണം ചെയ്തു. അമ്പലപ്പുഴ താലൂക്കിൽ അഞ്ചുപട്ടയവും ചേർത്തല താലൂക്കിൽ 16 പട്ടയങ്ങളും കുട്ടനാട് താലൂക്കിൽ 46 പട്ടയങ്ങളും കാർത്തികപ്പള്ളി താലൂക്കിൽ 61 പട്ടയങ്ങളും മാവേലിക്കര താലൂക്കിൽ നാല് പട്ടയങ്ങളും ചെങ്ങന്നൂരിൽ 14 പട്ടയങ്ങളുമാണ് വിതരണം ചെയ്തത്. ചേർത്തലയിൽ നിന്ന് അഞ്ച് പേർക്കും മാവേലിക്കരയിൽ നിന്ന് ഒരാൾക്കും കൈവശ രേഖ വിതരണം ചെയ്തു.

 

ഇതോടെ  ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ജില്ലയിൽ നാളിതുവരെ  ആകെ 7 8 5 പട്ടയങ്ങളും അൻപത് കൈവശ രേഖയും വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു.  ഒക്ടോബർ മാസത്തിൽ ചെങ്ങന്നൂർ വൈഎംസിഎ ഹാളിൽ വച്ച് 142 പട്ടയങ്ങൾ റവന്യൂ മന്ത്രി തന്നെ വിതരണം ചെയ്തിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ലാകളക്ടർ എസ്.സുഹാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർമാരായ എസ്.മുരളീധരൻപിള്ള, എസ്.സന്തോഷ്‌കുമാർ, ചെങ്ങന്നൂർ ആർ.ഡി.ഓ അതുൽ എസ്.നാഥ് തുടങ്ങി വിവിധ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു. 

 

ചിത്രവിവരണം

ആലപ്പുഴ ടൗൺഹാളിൽ നടന്ന ജില്ലാ തല പട്ടയമേള റവന്യൂ വകുപ്പുമന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.

 

ക്വട്ടേഷൻ ക്ഷണിച്ചു

 

ആലപ്പുഴ: ഗവ.ടി.ഡി മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക്‌സ് വിഭാഗത്തിലേക്ക് ബേസിക് ആർത്രോസ്‌ക്കോപ്പ് ഇൻസ്ട്രമെന്റ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി എട്ട്  ഉച്ചയ്ക്ക് 12 മണി. തുറക്കുന്നസമയം അന്ന് നാലുമണി. 

 

മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗത്തിലേക്ക് ഇ.ഇ.ജി ആന്റ് എൻ.സി.വി സിസ്റ്റത്തിന് ടെൻ 20 പേസ്റ്റ് 100 എണ്ണം വാങ്ങുന്നതിലേക്ക് ക്വട്ടേഷൻ ക്ഷണിച്ചു.  സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി ഏഴ്  ഉച്ചയ്ക്ക് 12 മണി. തുറക്കുന്ന സമയം അന്ന് നാലുമണി. 

 

മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക്‌സ് വിഭാഗത്തിലേക്ക്  ആർത്രോസ്‌കോപ്പ് 1, ക്യാമറ ഹെഡ് ആന്റ് കൺട്രോൾ യൂണിറ്റ് 1, ലൈറ്റ് സോഴ്‌സ് 1 എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി എട്ട്  ഉച്ചയ്ക്ക് 12 മണി. തുറക്കുന്നസമയം അന്ന് 3.30. 

 

വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് സ്വാപ്പ് ഷോപ്പും

എയറോബിക് കംപോസ്‌റ് യൂണിറ്റും സ്ഥാപിച്ചു 

 

വെളിയനാട് : വെളിയനാട് ബ്ലോക്ക് പഞ്ചായത്തിൽ  ഹരിത കേരളം പദ്ധതിയുടെ ഭാഗമായി  സ്വാപ്പ് ഷോപ്പും ജൈവ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി എയ്‌റോബിക് കമ്പോസ്‌റ് യൂണിറ്റും സ്ഥാപിച്ചു.  ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. കെ. അശോകൻ ഉദ്ഘാടനം നിർവഹിച്ചു. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈല രാജുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി 2018-19ലെ റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി  പുനരുപയോഗ വസ്തുക്കളുടെ വിൽപ്പനയ്ക്കായി  സ്ഥിരം സ്വാപ്പ് ഷോപ്പ് എന്ന ആശയവും പഞ്ചായത്തിൽ ഇക്കൊല്ലംമുതൽ നടപ്പിലാവുകയാണ്.   മൂന്ന് മാസം കൂടുമ്പോൾ ്‌സ്വാപ്പ് ഷോപ്പ് നടത്തി സീറോ വേസ്റ്റിലേക്ക് മാറാനാണ്  ബ്ലോക്ക് ലക്ഷ്യമിടുന്നത്.  തുണിത്തരങ്ങൾ, ഫർണീച്ചർ,ടിവി, മിക്‌സി, ഇസ്തിരിപ്പെട്ടി, സ്‌കൂൾ സാമഗ്രികൾ തുടങ്ങി വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന പലതരം സാധനങ്ങളായിരുന്നു സ്വാപ്പ് ഷോപ്പിലൂടെ വിതരണം ചെയ്തത്. 

വെളിയനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പുളിങ്കുന്ന് താലൂക്ക് ആശുപത്രി സമുച്ചയത്തിലെയും എയ്‌റോബിക് കമ്പോസ്‌റ് യൂണിറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈല രാജു നിർവഹിച്ചു.  എട്ടു ലക്ഷം രൂപ ചെലവഴിച്ചാണ് എയ്‌റോബിക് കമ്പോസ്‌റ് യൂണിറ്റ് നിർമിച്ചിരിക്കുന്നത്. ചടങ്ങിൽ വൈസ് പ്രസിഡന്റ് ബേബി ചെറിയാൻ , ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ആൻസമ്മ മാത്യു, ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടു്ത്തു. 

date