Skip to main content

ഭൂരഹിതരില്ലാത്ത കേരളം അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കും                                          : മന്ത്രി ഇ.ചന്ദ്രശേഖരന്‍ 

 

 

    സംസ്ഥാനത്തെ അര്‍ഹതപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും പട്ടയം നല്‍കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടന്ന ജില്ലാതല പട്ടയമേളയും കല്‍പ്പറ്റ സ്മാര്‍ട്ട് വില്ലേജ് ഓഫിസിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമിയും വീടും സര്‍ക്കാരിന്റെ ലക്ഷ്യമാണ്.  ഈ  സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 86000 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി. 2019 ജനവരി 22 നകം 25000 പേര്‍ക്ക് കൂടി പട്ടയം വിതരണം ചെയ്യും. സംസ്ഥാനത്തെ 87 ലക്ഷം കുടുംബങ്ങളില്‍  മൂന്ന് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കൂടി  ഇനിയും ഭൂമി ലഭ്യമാക്കേണ്ടതുണ്ട്.  നിയമങ്ങളുടെ സങ്കീര്‍ണ്ണ സ്വഭാവമാണ്  പ്രധാനമായും ഭൂമിയില്‍ ഉടമസ്ഥത നല്‍കുന്നതിന് തടസ്സമാകുന്നത്.ലാന്റ് ട്രൈബൂണലില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  മിച്ചഭൂമി, പുറമ്പോക്ക് ,നാല് സെന്റ് കോളനികള്‍ എന്നിവടങ്ങളില്‍ ദീര്‍ഘകാലമായി താമസിച്ചു വരുന്നവര്‍ക്ക് ഭൂമിയില്‍ അവകാശം ലഭിക്കാത്തതിനാല്‍ വസ്തു കൈമാറ്റം, ബാങ്ക് ലോണ്‍, വിദ്യാഭ്യാസ വായ്പ തുടങ്ങിയ  സേവനങ്ങള്‍ ലഭിക്കുന്നതിന് തടസ്സമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതെല്ലാം പരിഹരിക്കുമെന്നും മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. പട്ടയം നല്‍കുന്ന ഭൂമിക്ക് യാതൊരു നിയമ തടസ്സങ്ങളിലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണമെന്നും ബോധപൂര്‍വ്വം സേവനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും  അദ്ദേഹം പറഞ്ഞു.   425 പട്ടയങ്ങളും 93 കൈവശരേഖകകളും ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു.

 

     സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍,  ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍,  കല്‍പ്പറ്റ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സനിതാ ജഗദീഷ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാതമ്പി, എ.ഡി.എം കെ. അജീഷ്, സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date