Skip to main content

മുത്തങ്ങയുടെ മുറിവുണങ്ങുന്നു ഇനി ഇവര്‍ ഭൂമിയുടെ അവകാശികള്‍

 

 

     സ്വന്തമായി ഒരു തുണ്ട് ഭൂമിയും വീടുമില്ലാത്ത വേദനയിലാണ് നൂല്‍പ്പുഴ പഞ്ചായത്തിലെ തിനൂര്‍ പണിയകോളനിയിലെ കറുത്തയും  തേദാര്‍ ചൊറിച്ചിയും ജില്ലാതല പട്ടയമേളക്കെത്തിയത്. മുത്തങ്ങ ഭൂസമരത്തിന്റെ നീറുന്ന ഓര്‍മ്മകള്‍ മാത്രമായിരുന്നു ഇവര്‍ക്ക് കൂട്ട്. ദിവസങ്ങളോളം നാടിനെ നടുക്കിയ ദുരന്തങ്ങള്‍ക്കെല്ലാം ഇവര്‍ മൂക സാക്ഷികളായി. കാലം ഏറെ പിന്നിട്ടു. ഒടുവില്‍ ഒരേക്കര്‍ ഭൂമിയുടെ  കൈവശ രേഖ ഇവരുടെ കൈകളിലെത്തുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം. ജീവിത സായാഹ്നത്തില്‍ സ്വന്തമായി  ഭൂമി കിട്ടുമ്പോള്‍ ഇവരുടെ കുടുംബങ്ങള്‍ക്കും അതൊരു പുതിയ ജീവിതമായി. മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവര്‍ക്കുളള 93 കൈവശരേഖയും സുഗന്ധഗിരിയിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്കുളള 10 കൈവശരേഖയും റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.

 

    ജില്ലാതല പട്ടയമേളയില്‍ 425 പട്ടയങ്ങളാണ് വിതരണം ചെയ്തത്.  142 ലാന്റ് അസൈന്‍മെന്റ് പട്ടയവും 13 മിച്ചഭൂമി പട്ടയവും, 260  ലാന്റ് ട്രൈബൂണല്‍ പട്ടയങ്ങളും ഇതില്‍പ്പെടും.  മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത 283 പേര്‍ക്കാണ് കൈവശരേഖ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.  കഴിഞ്ഞ വര്‍ഷം 143 പേര്‍ക്ക് കൈവശവകാശ രേഖ വിതരണം ചെയ്തിരുന്നു. ഇതോടെ 236 പേര്‍ക്ക് കൈവശരേഖയായി. വെളളരിമല,ചുണ്ടേല്‍,മൂപ്പൈനാട്,വാളാട്, തൊണ്ടര്‍നാട്, കാഞ്ഞിരങ്ങാട് എന്നിവടങ്ങളിലാണ് ഒരു ഏക്കര്‍ ഭൂമി വീതം ഇവര്‍ക്കായി നല്‍കുന്നത്. 

date