പോലീസ് പിടിച്ചെടുത്ത തുക ആദായനികുതിക്ക് വിട്ടു നല്‍കാന്‍ ഉത്തരവായി
മലമ്പുഴ പോലീസ് സംശയകരമായ സാഹചര്യത്തില്‍ പിടിച്ചെടുത്ത 1.5 കോടി രൂപ ആദായനികുതി വകുപ്പിന് വിട്ടു നല്‍കാന്‍ പാലക്കാട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് അരവിന്ദ്.ബി.ഇടയോടി ഉത്തരവിട്ടു. 2018 ജൂണ്‍ 28ന് മലമ്പുഴ കഞ്ചിക്കോട് റോഡില്‍ പന്നിമടയില്‍ വാഹന പരിശോധനക്കിടയിലാണ് കോയമ്പത്തൂര്‍ ഭാഗത്തു നിന്നും വന്ന ആഢംബര കാറിലെ രഹസ്യ അറയില്‍ നിന്നും രേഖകളില്ലാത്ത പണം പിടിച്ചെടുത്തത്. കാറില്‍ ഉണ്ടായിരുന്ന മണ്ണാര്‍ക്കാട് കുടക്കാട് 55-ാം മൈലില്‍ പതാരി വീട്ടില്‍ അബ്ദുള്‍ റസാഖിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പാലക്കാട് ആദായനികുതി ഡെപ്യൂട്ടി ഡയറക്ടര്‍ (ഇന്‍വെസ്റ്റിഗേഷന്‍) എം.എസ്.ദീപ്ത നല്‍കിയ അപേക്ഷ പ്രകാരമാണ് സംഖ്യ ആദായനികുതി വകുപ്പിന് വിട്ടു നല്‍കിയത്. കേസില്‍ ആദായനികുതി വകുപ്പിനു വേണ്ടി സീനിയര്‍ ഗ്രേഡ് അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പ്രേംനാഥ് ഹാജരായി.
- Log in to post comments