സിവില്‍ സ്റ്റേഷനിലെ വര്‍ഷ വാഹിനി ഉദ്യാനം തുറന്നുകൊടുത്തു
മലപ്പുറം സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ സ്ഥാപിച്ച മഴവെള്ള സംഭരണിയും വര്‍ഷ വാഹിനി ഉദ്യാനവും ഉദ്ഘാടനം ചെയ്തു. പി.വി അബ്ദുല്‍ വഹാബ് എം.പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നു 20 ലക്ഷം രൂപയും അന്തരിച്ച ഇ.അഹമ്മദ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നു 15 ലക്ഷം രൂപയും ചേര്‍ത്ത് 35 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭ്യമായിരുന്നത്. 31 ലക്ഷം രൂപ ചെലവിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
സിവില്‍ സ്റ്റേഷനിലെ വിവിധ കെട്ടിടങ്ങളില്‍ നിന്നുള്ള മഴവെള്ളം ശേഖരിച്ചു ഇവിടത്തന്നെയുള്ള ആവശ്യങ്ങള്‍ക്കു ശുദ്ധജലം ഉപയോഗിക്കാവുന്ന രൂപത്തിലാണ് മഴവെള്ള സംഭരണി നിര്‍മ്മിച്ചിരിക്കുന്നത്. ഒന്നര ലക്ഷം ലിറ്ററാണ് സംഭരണിയുടെ ശേഷി. ഇരിപ്പിടങ്ങള്‍, പൂന്തോട്ടം, കുട്ടികള്‍ക്കായുള്ള ഊഞ്ഞാല്‍, മനോഹരമായ നടപ്പാതയും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. 2014 ല്‍ ആരംഭിച്ച പ്രവൃത്തിയുടെ നിര്‍മ്മാണ ചുമതല നിര്‍മ്മിതി കേന്ദ്രക്കായിരുന്നു.
ഇന്നലെ നടന്ന ചടങ്ങില്‍ പി.വി.അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം നിര്‍വ്വഹിച്ചു. എം.എല്‍.എ മാരായ പി. ഉബൈദുള്ള, ടി.വി.ഇബ്രാഹീം, പി.കെ. ബഷീര്‍, എം.ഉമ്മര്‍, ജില്ലാ കളക്ടര്‍ അമിത് മീണ, ജില്ലാ പഞ്ചായത്ത് അംഗം സലീം കുരുവമ്പലം തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments