Skip to main content

പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ജില്ലയിൽ പുതുതായി നിർമ്മിച്ച പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലേക്ക് 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൊഴിഞ്ഞാമ്പാറയിലുള്ള പെൺകുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ, മനിശ്ശേരിയിലുള്ള ആൺകുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലേക്കാണ് പ്രവേശനം. സർക്കാർ അല്ലെങ്കിൽ എയ്ഡഡ് സ്ഥാപനങ്ങളിൽ പോസ്റ്റ് മെട്രിക് കോഴ്‌സുകളിൽ പഠിക്കുന്ന പട്ടികജാതി, പട്ടികവർഗ്ഗം, ഒ.ബി.സി, മറ്റ് പിന്നാക്ക സമുദായങ്ങളിൽപെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്നവർക്ക് താമസവും ഭക്ഷണവും പൂർണ്ണമായും സൗജന്യമായിരിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വരുമാനം, നേറ്റിവിറ്റി, വിദ്യാഭ്യാസ യോഗ്യത, അവസാന പരീക്ഷയുടെ മാർക്ക് ലിസ്റ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അയക്കണം. പഠിക്കുന്ന സ്ഥാപനത്തിൽ പ്രവേശനം നേടി 15 ദിവസത്തിനകം പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം.

അപേക്ഷഫോറവും കൂടുതൽ വിവരങ്ങളും ജില്ലയിലെ വിവിധ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ, ബ്ലോക്ക്/മുൻസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകൾ, പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ: 0491-2505005.

date