Skip to main content

ന്യൂനപക്ഷ കമ്മിഷൻ ഇടപെട്ടു; ബി.എസ്‌സി.  നഴ്‌സിങ് വിദ്യാർഥിനിക്ക് സ്‌കോളർഷിപ്പ് 

 

ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷകമ്മിഷൻ ഇടപെട്ടതിനെത്തുടർന്ന് രാമങ്കരി സ്വദേശിയായ ബി.എസ്‌സി. നഴ്‌സിംഗ് വിദ്യാർത്ഥിനിക്ക് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള എം.സി.എം. സ്‌കോളർഷിപ്പ് നൽകാനും പുതിയ വർഷത്തേയ്ക്കുള്ള അപേക്ഷ സ്വീകരിക്കുന്നതിനും   നടപടി. അപേക്ഷ നൽകിയിട്ട് സ്‌കോളർഷിപ്പ് നൽകിയിലെന്നുകാട്ടിയാണ് വിദ്യാർഥിനി കളക്ടറേറ്റിൽ നടന്ന ന്യൂനപക്ഷ കമ്മിഷൻ സിറ്റിങിലെത്തിയത്. 

 

രണ്ടാം വർഷത്തെ സ്‌കോളർഷിപ്പ് നൽകുന്നതിനും പുതിയ വർഷത്തേയ്ക്കുള്ള അപേക്ഷ സ്വീകരിക്കുന്നതിനും നടപടിയായി. വള്ളികുന്നം സ്വദേശിനിയും അയൽക്കാരും ഏറെക്കാലമായി നേരിട്ടിരുന്ന പ്രശ്‌നത്തിന് ന്യൂനപക്ഷ കമ്മിഷൻ ഇടപെടിലൂടെ പരിഹാരമായി. അപസ്മാര രോഗിയായ മകനോടൊപ്പം താമസിക്കുന്ന വിധവയുടെ പുരയിടത്തിൽ നിന്നും പഞ്ചായത്തിന്റെ ഭൂരഹിത പദ്ധതി പ്രകാരം മൂന്നു സെന്റ് വീതം നാല് പേർക്ക് കൊടുത്തിട്ടുണ്ട്. ഇവരെല്ലാം ഉപയോഗിക്കുന്ന  വഴിയാണ് അയൽവാസി നിരന്തരം തടസ്സപ്പെടുത്തിയിരുന്നത്. പൊലീസിലും ആർ.ഡി.ഒ.യ്ക്കും വില്ലേജ് ഓഫീസർക്കും പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ലെന്ന് പരാതിക്കാരി കമ്മീഷനെ അറിയിച്ചു.  ഒടുവിൽ വഴി ഉഴുതുമറിച്ച് വസ്തുവിലേക്ക് കടക്കാൻ പറ്റാതെ വന്ന സാഹചര്യത്തിലാണ്  ന്യൂനപക്ഷ കമ്മിഷന് പരാതി നൽകിയത്. കമ്മിഷന്റെ നിർദ്ദേശ പ്രകാരം ചെങ്ങന്നൂർ ആർ.ഡി.ഒ. നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ അനുരഞ്ജന ചർച്ച നടത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. 

 

കമ്മിഷനംഗം അഡ്വ. ബിന്ദു എം. തോമസിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ 30 കേസ്സുകളുടെ വിചാരണ നടത്തി. രണ്ടെണ്ണം പരിഹരിച്ചു. അശ്ലീല വാട്‌സാപ്പ് സന്ദേശമയച്ച യുവാവിനെതിരെ വീട്ടമ്മ നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ പൊലീസിനെ ചുമതലപ്പെടുത്തി. ചേർത്തലയിലെ ഗ്രാമീണ ബാങ്കിൽ നിന്നും പിരിച്ചുവിട്ടെന്നാരോപിച്ച് ജീവനക്കാർ നൽകിയ പരാതിയിൽ ബാങ്ക് അധികൃതരോട് വിശദീകരണം തേടി. പുതിയ പരാതികളും സിറ്റിംഗിൽ സ്വീകരിച്ചു.

 

                                                               

 (പി.എൻ.എ.2949/17)

 

date