ബേഠി ബച്ചാവോ ബേഠി പഠാവോ': ജില്ലാതല സംവാദ മത്സരം സംഘടിപ്പിച്ചു
ജില്ലാ വനിതാ ശിശുവികസന ഓഫീസ് മുഖേന നടപ്പിലാക്കുന്ന 'ബേഠി ബച്ചാവോ ബേഠി പഠാവോ' പദ്ധതിയുടെ ഭാഗമായി, അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് ജില്ലാതല സംവാദ മത്സരം സംഘടിപ്പിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ആർ രമ ഉദ്ഘാടനം ചെയ്തു. "പെൺകുട്ടികൾക്ക് സ്വന്തം അവകാശങ്ങളെക്കുറിച്ച് അറിവുണ്ടെങ്കിൽ, അവർക്കെതിരായ അതിക്രമങ്ങളും ബാലവിവാഹവും തടയാൻ കഴിയുമോ?" എന്ന വിഷയത്തിലായിരുന്നു സംവാദം.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയാൽ ജില്ലാ കളക്ടർ കെ. സുധീർ വിജയികൾക്ക് പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പെൺകുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കി അവരെ ശാക്തീകരിക്കേണ്ടതിന്റെയും ലിംഗാധിഷ്ഠിത അതിക്രമങ്ങളും ബാലവിവാഹവും തടയേണ്ടതിന്റെയും പ്രാധാന്യം കളക്ടർ ഓർമ്മിപ്പിച്ചു.
മത്സരത്തിൽ കെ.പി.ആർ.പി. ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും, ജി.വി.എച്ച്.എസ്.എസ്. അലനല്ലൂർ രണ്ടാം സ്ഥാനവും, ഗവൺമെന്റ് ഹൈസ്കൂൾ മീനാക്ഷിപുരം മൂന്നാം സ്ഥാനവും നേടി.
പി.ടി.എം. എച്ച്.എസ്.എസ്. തൃക്കടീരി, ചളവറ എച്ച്.എസ്.എസ്., പുളിയംപറമ്പ് എച്ച്.എസ്.എസ്., ആലത്തൂർ എ.എസ്.എം.എം. എച്ച്.എസ്.എസ്., പറളി എച്ച്.എസ്.എസ്. എന്നീ സ്കൂളുകളും പങ്കെടുത്തു.
പാലക്കാട് മെഴ്സി കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും വിഭാഗം മേധാവിയുമായ ലെഫ്റ്റനന്റ് ഡോ. ലിജി കെ.ടി., പാലക്കാട് ബിഗ് ബസാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപിക ഡോ. സുനിത മേരി ജോൺ, പാലക്കാട് ജി.എം.എം. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം അധ്യാപിക സിജി എൻ. എന്നിവർ വിധികർത്താക്കളായിരുന്നു. എം പ്രസാദ് പരിപാടിയിൽ മോഡറേറ്റർ ആയി.
വനിതാ ശിശുവികസന ഓഫീസ് ജൂനിയർ സൂപ്രണ്ട് പി രതി അധ്യക്ഷത വഹിച്ചു. പാലക്കാട് 'സങ്കൽപ്പ്: ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമൻ' കോർഡിനേറ്റർ ലിയോ ബെർണാഡ്, ജെൻഡർ സ്പെഷ്യലിസ്റ്റ് സി സി ജിതിൻ, ഫിനാൻഷ്യൽ ലിറ്ററസി സ്പെഷ്യലിസ്റ്റ് സി അഭിജിത്ത്, ജെൻഡർ സ്പെഷ്യലിസ്റ്റ് സുന എസ്. ചന്ദ്രൻ, അക്കൗണ്ട്സ് അസിസ്റ്റന്റ് എച്ച് ഫിറോസ്ബാബു എന്നിവർ സംസാരിച്ചു.
- Log in to post comments