സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനങ്ങള്‍: ജില്ലയില്‍ വിപുലമായ ആഘോഷങ്ങള്‍
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷപരിപാടികള്‍ക്ക് ഫെബ്രുവരി 20ന് ജില്ലയില്‍ തുടക്കം കുറിക്കും. ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന പ്രദര്‍ശന - വിപണനമേള, വികസന സെമിനാര്‍, സാംസ്‌കാരികപരിപാടികള്‍ എന്നിവയോടെയാണ് ആഘോഷം സംഘടിപ്പിക്കുകയെന്ന് ഇത് സംബന്ധിച്ച് കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പു മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു. ഇതിന് പുറമെ എല്ലാ നിയോജകമണ്ഡലങ്ങളിലും മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികളും സംഘടിപ്പിക്കും. ഇതിനായി വിപുലമായ സംഘാടക സമിതി രൂപീകരിക്കും. പരിപാടികളുടെ സുഗമമായ നടത്തിപ്പിന് വിവിധ ഉപസമിതികളും രൂപീകരിക്കും.
വാഗ്ദാനം പാലിച്ച് 1000 ദിനം, 1000 പദ്ധതികള്‍, 10000 കോടിയുടെ വികസനം എന്നതാണ് പരിപാടിയുടെ മുദ്രാവാക്യം. ജില്ലയില്‍ തുടങ്ങാനിരിക്കുന്നതോ പൂര്‍ത്തിയായതോ ആയ പദ്ധതികള്‍ സംബന്ധിച്ച് വിവിധ വകുപ്പുകള്‍ ജനുവരി 31നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അറിയിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നാല് മിഷനുകളായ ഹരിത കേരളം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയ്ക്കും പ്രളയ ദുരിതാശ്വാസ - പുനരധിവാസ - പുന:നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കും. പൊതുജനങ്ങള്‍ക്ക് നേരിട്ട് സേവനം നല്‍കുന്ന എല്ലാ വകുപ്പുകളും പ്രദര്‍ശനത്തില്‍ സ്റ്റാളുകളൊരുക്കും. വിപണനമേളയും ഭക്ഷ്യമേളയും സംഘടിപ്പിക്കും.
പ്രളയാനന്തര കേരളത്തിന്റെ പുനഃനിര്‍മാണത്തിന് ദിശാബോധം നല്‍കുന്ന വിഷയങ്ങളില്‍ സെമിനാര്‍ നടത്തും. ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു, ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ , സബ്കളക്ടര്‍ ഈശപ്രിയ, എഡിഎം അലക്‌സ് ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ . തോമസ്, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments