Skip to main content

ദുരന്ത ബാധിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ധനസഹായം ജില്ലയ്ക്ക് ഒരു കോടി 70 ലക്ഷം അനുവദിച്ചു

 

സഹായം 8540 കുടുംബങ്ങള്‍ക്ക്

കാക്കനാട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരന്തബാധിത മേഖലയായി മാറിയ വൈപ്പിന്‍, ചെല്ലാനം മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള അടിയന്തിര ധനസഹായമായി ജില്ലയ്ക്ക് (1,70,80,000) ഒരു കോടി എഴുപത് ലക്ഷത്തി എണ്‍പതിനായിരം രൂപ അനുവദിച്ചു. ദുരന്തബാധിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 2000 രൂപ വീതമാണ് അനുവദിക്കുന്നത്. ഫിഷറീസ് വകുപ്പാണ് അര്‍ഹരായ മത്സ്യത്തൊഴിലാളികളുടെ പട്ടിക തയാറാക്കി തുക വിതരണം ചെയ്യുന്നത്. 8540 കുടുംബങ്ങള്‍ക്കാണ് ജില്ലയില്‍ ധനസഹായം വിതരണം ചെയ്യുന്നത്. തുക ഫിഷറീസ് വകുപ്പിന് കൈമാറിയതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 

ഇന്നലെ (ഡിസംബര്‍ 8) 290 മത്സ്യത്തൊഴിലാളികള്‍ കൂടി തിരിച്ചെത്തിയിട്ടുണ്ട്. ഇതുവരെ ആകെ 1671 മത്സ്യത്തൊഴിലാളികളാണ് തിരിച്ചെത്തിയത്. കൊച്ചിയില്‍ നിന്നു പോയ 26 ബോട്ടുകളും ഇന്നലെ തിരിച്ചെത്തി. ആകെ 157 ബോട്ടുകളാണ് തിരിച്ചെത്തിയത്. ഇനി 33 ബോട്ടുകളാണ് തിരിച്ചെത്താനുള്ളത്. 

കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വീടുകളും ടോയ്‌ലെറ്റുകളും തകര്‍ന്ന വൈപ്പിന്‍, ചെല്ലാനം മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച (ഡിസംബര്‍ 10) പൂര്‍ത്തിയാക്കും. മറ്റു താലൂക്കുകളില്‍ നിന്നുള്ള ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും ആരോഗ്യ-ശുചിത്വ മിഷന്‍, റവന്യൂ വകുപ്പ് ജീവനക്കാരുടെ കൂട്ടായ സഹകരണത്തോടെ അവധി ദിനങ്ങളിലും (ശനി, ഞായര്‍) തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. അവശേഷിക്കുന്ന വീടുകള്‍ കൂടി ശുചീകരിച്ച് വാസയോഗ്യമാക്കാന്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള നിര്‍ദേശം നല്‍കി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെ (സിംബര്‍ 8) വൈപ്പിന്‍ മേഖലയിലെ 244 വീടുകള്‍ സന്ദര്‍ശിച്ചു. രണ്ടു വീടുകള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തി. 12 കിണറുകള്‍ അണുവിമുക്തമാക്കി. നാല് പൊതുസ്ഥലങ്ങളില്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതറി. 20 സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കി. മാലിപ്പുറം സിഎച്ച്‌സിയുടെ നേതൃത്വത്തില്‍ 58 ജീവനക്കാരാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 

ചെല്ലാനം മേഖലയില്‍ ഇന്നലെ (ഡിസംബര്‍ 8) 366 വീടുകള്‍ സന്ദര്‍ശിച്ചു. 61 വീടുകള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തി. 222 സ്ഥലങ്ങളില്‍ ഒആര്‍എസ് പാക്കറ്റുകള്‍ വിതരണം ചെയ്തു. 142 സെപ്റ്റിക് ടാങ്കുകള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. 10 സെപ്റ്റിക് ടാങ്കുകള്‍ വൃത്തിയാക്കി. 66 ജീവനക്കാരാണ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്. 

 

date