Skip to main content

കിഴക്കഞ്ചേരി കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം ഇന്ന്  മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും

പൊതുജനാരോഗ്യരംഗത്ത് മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങളും പരിരക്ഷയും ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഴക്കഞ്ചേരി പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി പ്രവര്‍ത്തനം ആരംഭിക്കുന്നു. ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 10) വൈകീട്ട് മൂന്നിന് രോഗി സൗഹൃദ ആശുപത്രി പരിസരത്ത് നിയമസാംസ്കാരിക പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും. കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനാവും.  
        കുടുംബരോഗ്യകേന്ദ്രത്തിന്‍റെ ഒ.പി പ്രവര്‍ത്തന സമയം രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറുവരെയാണ്. കുടുംബരോഗ്യകേന്ദ്രമായ ശേഷം ലബോറട്ടറി, ഫാര്‍മസി, ഫീല്‍ഡ്തലപ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടക്കും. അമ്മമാര്‍ക്ക് മുലയൂട്ടലിനുളള മുറി, പരിശോധന മുറികള്‍, ഇഞ്ചക്ഷന്‍ മുറി, എന്നിവയുടെ നവീകരണ പ്രവര്‍ത്തനങ്ങളും ആശുപത്രികെട്ടിടങ്ങളുടെ പെയ്ന്‍റിങും ഇലക്ട്രിക്ക് പണികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ ജനങ്ങളുടെ സൗകര്യാര്‍ത്ഥം പ്രവേശനസ്ഥലത്ത്  ബോര്‍ഡുകളും  സജ്ജമാക്കിയിട്ടുണ്ട്. ടി.വി , വാട്ടര്‍ പ്യൂരിഫയര്‍, അനലൈസര്‍, മൊബൈല്‍ സ്പോട്ട് ലൈറ്റ്, ഡയറക്ട് ഓഫ്താല്‍മോ സ്കോപ്പ്, നെബുലൈസര്‍, ഗ്ലൂക്കോമീറ്റര്‍ ഇ.സി.ജി മെഷീന്‍, സെമി ഓട്ടോ അനലൈസര്‍, ഫര്‍ണിച്ചറുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. 
        കേന്ദ്രത്തിലെ നവീകരിച്ച ഫാര്‍മസി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ശാന്തകുമാരി നിര്‍വഹിക്കും. നവീകരിച്ച ലാബ് ഉദ്ഘാടനം ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ ചാമുണ്ണി , നവീകരിച്ച യു.ഐ.പി റൂം ഉദ്ഘാടനം കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കവിതാ മാധവന്‍ എന്നിവര്‍ നിര്‍വഹിക്കും. ഇ.ഹെല്‍ത്ത് പദ്ധതി സംബന്ധിച്ച്  ഡി.എം.ഒ കെ.പി റീത്ത വിശദീകരിക്കും. ആര്‍ദ്രം മിഷന്‍ സംബന്ധിച്ച് ഡെപ്യൂട്ടി ഡി.എം.ഒയും ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ കൂടിയായ ഡോ.ടി.കെ അനൂപ്  സംസാരിക്കും. പരിപാടിയില്‍ ഡി.പി.എം.ഡോ.രചന ചിദംബംരം റിപ്പോര്‍ട്ട് അവതരിപ്പിക്കും.

date