Skip to main content

മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദര്‍ശനം ശ്രദ്ധേയം - എം.ബി. രാജേഷ് എം.പി. 

ഹരിതകേരള മിഷന്‍റെ ഒന്നാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് നഗരസഭാ ടൗണ്‍ഹാള്‍ അനക്സില്‍ നടത്തിയ മാലിന്യ സംസ്കരണ ഉപാധികളുടേയും മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകളുടേയും പ്രദര്‍ശനം ശ്രദ്ധേയമാണെന്ന് എം.ബി. രാജേഷ് എം.പി. പറഞ്ഞു. പ്രദര്‍ശന സ്റ്റാളുകള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു എം.പി. കുടുംബശ്രീ, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്, മണ്ണ് പര്യവേക്ഷണ-സംരക്ഷണ വകുപ്പ്, മുണ്ടൂര്‍ ഐ.ആര്‍.റ്റി.സി., എക്കോബഗ്, ജി.റ്റി.ബി.എല്‍. തുടങ്ങിയവരാണ് സംസ്ക്കരണ ഉപാധികള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിത്പ്പന നടത്തുന്നതിനും സ്റ്റാളുകള്‍ ഒരുക്കിയത്. വീട്ടടുക്കള മാലിന്യ ബിന്‍ മുതല്‍ വ്യവസായിക സ്ഥാപനങ്ങള്‍ക്ക് അനുയോജ്യമായ പ്ലാന്‍റുകള്‍ വരെ പ്രദര്‍ശനത്തിലുണ്ട്. ജില്ലയിലെ വിവിധയിടങ്ങളില്‍ കണ്ടുവരുന്ന മണ്ണിനങ്ങള്‍, മണ്ണിര കമ്പോസ്റ്റ്, ബയോഗാസ് പ്ലാന്‍റ്, വിവിധയിനം മാലിന്യ സംസ്കരണ ബിന്നുകള്‍, കുടുംബശ്രീ അംഗങ്ങള്‍ ചിരട്ടയിലും മുളയിലും ചകിരിയിലും നിര്‍മിച്ച കരകൗശല വസ്തുക്കള്‍, തുണി ബാഗുകള്‍, ചവിട്ടി, എന്നിവയും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ജില്ലയില്‍ നടപ്പാക്കിയ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകളും  വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

date