Skip to main content

ഭിന്നശേഷിക്കാര്‍ക്കായി ദുരന്ത നിവാരണ അതോറിറ്റിയുടെ പരിശീലനം  പത്തനംതിട്ടയില്‍

 

ഭിന്നശേഷിക്കാര്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ  ദുരന്ത നിവാരണവും പ്രഥമശുശ്രൂഷയും എന്ന വിഷയത്തിലുള്ള  പരിശീലനം  ഫെബ്രുവരി അഞ്ചു മുതല്‍ എട്ടു വരെ പത്തനംതിട്ടയില്‍ നടക്കും. 

2016ല്‍ പാര്‍ലമെന്റ് പാസാക്കിയ ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തില്‍ ദുരന്ത നിവാരണത്തില്‍ ഭിന്നശേഷിക്കാരുടെ പങ്ക് വ്യക്തമാക്കിയിട്ടുണ്ട്.  സാമൂഹ്യനീതി വകുപ്പിന്റെ കണക്കു പ്രകാരം കേരളത്തില്‍ 7,93,937 ഭിന്നശേഷിക്കാര്‍ ഉണ്ട്. 2016 ല്‍ തുടങ്ങിയ പദ്ധതിയുടെ കീഴില്‍ എല്ലാ ജില്ലകളിലുമുള്ള ഭിന്നശേഷിക്കാര്‍ക്കായി വിദഗ്ധ പരിശീലനം നല്‍കി വരുകയാണ്. 

പരിശീലനത്തിനായി ബ്രയില്‍ ലിപിയിലുള്ള കൈപ്പുസ്തകം, ആംഗ്യ ഭാഷയിലുള്ള ചലച്ചിത്രങ്ങള്‍, ലഘുലേഖകള്‍, ഡയ്‌സി സോഫ്റ്റ്‌വെയര്‍ ശബ്ദരേഖ എന്നിവ ഉപയോഗിച്ചു വരുന്നു. പരിശീലകര്‍ക്കായി കൈപുസ്തകവുമുണ്ട്. മൂന്ന് പരിശീലനങ്ങള്‍ പരിശീലകര്‍ക്കായി നടത്തി കഴിഞ്ഞു. 3000 പേരെ ആദ്യഘട്ടത്തില്‍ പരിശീലിപ്പിക്കാനാണ് അതോറിറ്റി പദ്ധതിയിലൂടെ ശ്രമിക്കുന്നത്. പരിശീലന പരിപാടിയില്‍ വാര്‍ത്താവിനിമയ സംവിധാനത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ട് ഭിന്നശേഷിക്കാരെ നാലായി തിരിച്ചിട്ടുണ്ട്. കാഴ്ച വെല്ലുവിളികള്‍ നേരിടുന്നവര്‍, ശ്രവണ - സംസാര വെല്ലുവിളികള്‍ നേരിടുന്നവര്‍, ചലനശേഷി വെല്ലുവിളികള്‍ നേരിടുന്നവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിങ്ങനെ. ഇതില്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പരിരക്ഷകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. മറ്റു വിഭാഗങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് തന്നെ നേരിട്ട് പരിശീലനം നല്‍കും. 

ഓരോ ജില്ലകളിലും നടത്തുന്ന പരിശീലനത്തിന് അതതു ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സാമൂഹ്യ നീതി വകുപ്പും നേതൃത്വം നല്‍കും. ജില്ലകളുടെ ദുരന്ത സാധ്യത കണക്കിലെടുത്താണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. പരിശീലനം നല്‍കുന്നത് കോട്ടയം എം.ജി യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റ്റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസ് ആണ്. വിവിധ ദുരന്തങ്ങളില്‍ എങ്ങനെ തയാറെടുക്കാം എന്ന് തുടങ്ങി സി.പി.ആര്‍ അടക്കമുള്ള പ്രഥമ ശ്രുശൂഷ പ്രക്രിയകളും പരിശീലനത്തിന്റെ ഭാഗമാക്കും. 

 ഫെബ്രുവരി  അഞ്ചു മുതല്‍ എട്ടു വരെയാണ് പരിശീലനം. അഞ്ചിന് - കാഴ്ച വെല്ലുവിളികള്‍ നേരിടുന്നവര്‍, ആറിന് - ശ്രവണ - സംസാര വെല്ലുവിളികള്‍ നേരിടുന്നവര്‍, ഏഴിന് - ചലനശേഷി വെല്ലുവിളികള്‍ നേരിടുന്നവര്‍, എട്ടിന് - മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിങ്ങനെയാണ് പരിശീലന ക്രമീകരണം. മുഴുവന്‍ സമയവും പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. സമയം രാവിലെ 9:30 മുതല്‍ വൈകിട്ട് അഞ്ചു വരെ. സ്ഥലം കാപ്പില്‍ നാനോ ആര്‍ക്കേഡ്, ഡോക്‌ടേഴ്‌സ് ലെയിന്‍, മണ്ണില്‍ റീജന്‍സിക്ക് സമീപം, കോളജ് റോഡ്, പത്തനംതിട്ട. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04812731580/9495213248/ 9846735917. 

(പിഎന്‍പി 391/19)

date