Skip to main content

ഹരിതകേരളം ഒന്നാം വാര്‍ഷികം ആചരിച്ചു  

 

ഹരിത കേരളം പദ്ധതിയുടെ ഒന്നാം വാര്‍ഷികം ജില്ലയില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആഘോഷിച്ചു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ഷിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു.  ഓരോ പഞ്ചായത്തും മാലിന്യമുക്തമാക്കുന്നതിന് എല്ലാ പഞ്ചായത്തുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹരിതകേരളം മിഷന്റെ ഭാഗമായി ജില്ലയില്‍ 3000 ത്തോളം ഏക്കര്‍ തരിശുനിലം കൃഷിയോഗ്യമാക്കി. മാലിന്യസംസ്‌കരണത്തിന് ജില്ലാ പഞ്ചായത്ത് മൂന്നരക്കോടി രൂപ വകയിരുത്തി. മാലിന്യം കുമിഞ്ഞു കൂടുന്ന സ്ഥിതി മാറുന്നതിന് ഉറവിടമാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കപ്പെടണം. ജൈവകൃഷി, മാലിന്യ സംസ്‌കരണം, ജലസ്രോതസ് സംരക്ഷണം ഇവയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ഭക്ഷ്യോല്പാദനത്തില്‍ സ്വയംപര്യാപ്തത നേടുകയാണ് ജില്ലയുടെ ലക്ഷ്യം. നദീ പുന:സംയോജനത്തില്‍ ജില്ല കൈവരിച്ച മുന്നേറ്റം കക്ഷി രാഷ്ട്രീയത്തിനതീതമായി ഉയര്‍ന്നു വന്ന ജനകീയ കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. 

 ജില്ലാ കളക്ടര്‍ ഡോ. ബി എസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍. സോന, വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഇന്ദിരാദേവി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി, നഗരസഭ കൗണ്‍സിലര്‍ ലിസമ്മ ബേബി തുടങ്ങിയവര്‍ സംസാരിച്ചു. ജനകീയ കൂട്ടായ്മ നടപ്പാക്കിയ മീനച്ചിലാര്‍-മീനന്തലയാര്‍-കൊടൂരാര്‍ നദീ പുന:സംയോജനം റിപ്പോര്‍ട്ട് അഡ്വ. അനില്‍ കുമാര്‍ അവതരിപ്പിച്ചു. ശുചിത്വവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ് അവതരിപ്പിച്ചു.  ഭക്ഷ്യ സുരക്ഷ റിപ്പോര്‍ട്ട് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ടിസമ്മ തോമസും ജല സുരക്ഷ റിപ്പോര്‍ട്ട് മൈനല്‍ ഇറിഗേഷന്‍ എക്‌സി. എഞ്ചിനിയര്‍ ഡോ കെ ജെ ജോര്‍ജ്ജും അവതരിപ്പിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി മാത്യു സ്വാഗതവും ഹരിതകേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. രമേശ് നന്ദിയും പറഞ്ഞു.

                                                 (കെ.ഐ.ഒ.പി.ആര്‍-2083/17)

date