Skip to main content

തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി തെരുവ്‌നാടകം അരങ്ങേറി

 

തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി ആദിവാസി മേഖലകള്‍ കേന്ദ്രീകരിച്ച് പെരിങ്ങാശേരി, അറക്കുളം, വെള്ളിയാമറ്റം എന്നീ സ്ഥലങ്ങളില്‍ തെരുവ്‌നാടകം അരങ്ങേറി. ഇടുക്കി കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ രംഗശ്രീ തെരുവ് നാടക സംഘമാണ് ജില്ലയിലെ വിവിധ മേഖലകളിലെ ജനങ്ങള്‍ക്കായി ഇലക്ഷന്‍ കമ്മീഷന്‍ രചിച്ച തെരുവ് നാടകം അവതരിപ്പിച്ചത്.  വോട്ട് വണ്ടിയും മേഖലയില്‍ പര്യടനം നടത്തുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയ നിവാരണ നടത്തുന്നതിനും ബോധവല്‍ക്കരണത്തിനും വി വി പാറ്റ് മെഷ്യന്‍ പരിചയപ്പെടുന്നതിനും വോട്ടു വണ്ടിയില്‍ സൗകര്യം ഉണ്ട്.

 

9 പേരടങ്ങുന്ന കുടുംബശ്രീ പ്രവര്‍ത്തകരും തൊടുപുഴ താലൂക്ക് ഓഫീസിലെ ഇലക്ഷന് സ്വീപ് വിഭാഗം ഉദ്യോഗസ്ഥന്‍ ജോമി ജോസഫും ഉള്‍പ്പെടുന്ന സംഘമാണ് നാടകം അവതരിപ്പിച്ചത്. എന്റെ വോട്ട് എന്റെ അവകാശം സന്ദേശത്തോടെ വോട്ടിംഗ് പരിശീലനവും ഉള്‍പ്പെടുത്തിയാണ് പൊതുജനങ്ങള്‍ക്കായി തെരുവ് നാടകം സംഘടിപ്പിച്ചത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍, കണ്‍ട്രോള്‍ യൂണിറ്റ്, വി വി പാറ്റ് മെഷീന്‍, ബാലറ്റ് യൂണിറ്റ് തുടങ്ങിയവയുടെ പ്രവര്‍ത്തനവും ഉപയോഗവും രസകരമായ രീതിയില്‍ നാടകത്തിലൂടെ ജനങ്ങളെ പരിചയപ്പെടുത്തി . തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ബോധവല്‍ക്കരണവും ഓരോ വോട്ടും വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം കൂടാതെ നോട്ടയെ കുറിച്ചും നാടകത്തിലൂടെ അവതരിപ്പിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ടതിന്റെ ആവശ്യകതയും പേര് ചേര്‍ക്കേണ്ട രീതികളും തിരിച്ചറിയല്‍ രേഖകള്‍ ആയി ഉപയോഗിക്കുവാന്‍ കഴിയുന്ന രേഖകളെ കുറിച്ചും സാധാരണക്കാരായ ജനങ്ങള്‍ക്ക് മനസിലാകുന്ന രീതിയിലാണ് നാടകം അവതരിപ്പിച്ചത്. വോട്ട് ചെയ്യേണ്ട രീതികള്‍, പരീക്ഷണാര്‍ത്ഥം വോട്ട് ചെയ്യുവാനുള്ള സൗകര്യവും സംശയ നിവാരണവും നാടകത്തിനോടനുബന്ധിച്ച് നാടന്‍ പാട്ടിന്റെ അകമ്പടിയോടെ ഉണ്ടായിരുന്നു. പെരിങ്ങാശേരി ആരോഗ്യ ഉപകേന്ദ്രം, അറക്കുളം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളിലാണ് നാടകം അവതരിപ്പിച്ചത്. തുടര്‍ന്ന് ഇന്ന് കാന്തല്ലൂര്‍, കുമളി എന്നിവിടങ്ങളിലും വോട്ട് വണ്ടിയുടെ അകമ്പടിയോടെ തെരുവ് നാടകം അരങ്ങേറും.

date