Skip to main content

വോട്ടിംഗ് ദിനം ആഘോഷമാക്കാനൊരുങ്ങി റസിഡന്റ്‌സ് അസോസിയേഷനുകള്‍

കാക്കനാട്: ജില്ലയിലെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ സംഘടനയായ എഡ്രാക് (EDRAAC) മേഖല പ്രതിനിധികള്‍ക്കായി തെരഞ്ഞെടുപ്പ് ബോധവത്കരണ ക്ലാസ് നടത്തി. ഓണവും ക്രിസ്മസും ഒരുമിച്ച് ആഘോഷിക്കുന്നത് പോലെ വോട്ടിംഗ് ദിനവും ആഘോഷമാക്കണമെന്ന് ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടര്‍ എസ് ഷാജഹാന്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പ് സംവിധാനത്തിലെ പുതിയ മാറ്റങ്ങള്‍ അടുത്തറിയാനും വോട്ടിംഗ് ശതമാനം ഉയര്‍ത്താന്‍ ജനങ്ങളെ ബോധവത്കരിക്കാനുമാണ് പരിപാടി സംഘടിപ്പിച്ചത്. പുതിയ തലമുറയിലെ കുട്ടികള്‍ വോട്ട് ചെയ്യാന്‍ മടിക്കും. അവരെ കൂടി ബൂത്തിലെത്തിക്കാന്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കണമെന്ന് സ്വീപ് ജില്ലാ നോഡല്‍ ഓഫീസര്‍ ബീന പി ആനന്ദ് പറഞ്ഞു. ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളിലാണ് വോട്ടിംഗ് ശതമാനം കുറവ്. വോട്ടവകാശം നമ്മുടെ കടമയും ഉത്തരവാദിത്തവുമാണെന്നും അംഗങ്ങള്‍ വോട്ട് ചെയ്യുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും സ്വീപ് നോഡല്‍ ഓഫീസര്‍ പറഞ്ഞു.

ഒരു വോട്ടര്‍ പോലും ഒഴിവാക്കപ്പെടരുത് എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ഭിന്നശേഷിക്കാര്‍ക്ക്
പോളിംഗ് സ്‌റ്റേഷനില്‍ വീല്‍ചെയര്‍ സംവിധാനം, കാഴ്ച വൈകല്യമുള്ളവര്‍ക്കായി ബ്രയില്‍ ലിപിയിലുള്ള ബാലറ്റ് സംവിധാനം എന്നിവ ഒരുക്കും.

വോട്ടവകാശത്തെ കുറിച്ച് ബോധ്യപ്പെടുത്തുന്ന സ്റ്റിക്കറുകളും പോസ്റ്ററുകളും യോഗത്തില്‍ അംഗങ്ങള്‍ക്ക് കൈമാറി. തുടര്‍ന്ന് അംഗങ്ങള്‍ മോക്ക് വോട്ട്  ചെയ്തു. പറവൂര്‍, വൈപ്പിന്‍, പള്ളുരുത്തി, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ തുടങ്ങി 35 മേഖലകളില്‍ നിന്നുള്ള അംഗങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്.
 

date