Skip to main content

അഞ്ചാം ദിനം സമര്‍പ്പിക്കപ്പെട്ടത് രണ്ട് നാമ നിര്‍ദേശ പത്രികകള്‍

 

നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്‍റെ അഞ്ചാം ദിനത്തില്‍ ലഭിച്ചത് രണ്ട് നാമനിര്‍ദേശപത്രികകള്‍. പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ സി.പി.ഐ(എം) സ്ഥാനാര്‍ത്ഥി എം.ബി.രാജേഷ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ കല്കടര്‍ ഡി.ബാലമുരളിക്ക് ഉച്ചയ്ക്ക് 12 നാണ് പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റുകളിലായി പ്രഭാകരന്‍, ദിവാകരന്‍, വി.കെ. ജയപ്രകാശ് എന്നിവര്‍ പിന്താങ്ങി. ഷൊര്‍ണൂര്‍ മാമ്പറ്റയില്‍, കയിലിയാട് സ്വദേശിയായ എം.ബി.രാജേഷ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും എല്‍.എല്‍.ബിയും നേടിയിട്ടുണ്ട്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്ന സമയത്ത് എം.ബി.രാജേഷിന്‍റെ കൈയില്‍ 5000 രൂപയും ഭാര്യയുടെ കൈയില്‍ 5000 രൂപയും അമ്മയുടെ കൈവശം 3000 രൂപയും അച്ഛന്‍റെ കൈവശം 2000 രൂപയും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. 
    എം.ബി.രാജേഷിന് 12 ലക്ഷം  മതിപ്പു വിലയുള്ള കെ.എല്‍.9.എ.ജെ 2015 മോഡല്‍ റനോള്‍ട്ട് ഡസ്റ്റര്‍ എസ്.യു.വി കാറും, ഭാര്യയ്ക്ക് 15000 രൂപയും 20000 രൂപയും മതിപ്പുവിലയുള്ള രണ്ടു ഇരുചക്ര വാഹനങ്ങളുമുണ്ട്. എം. ബി രാജേഷിന്‍റെ പേരില്‍ കയിലിയാട് സര്‍വ്വീസ് സഹകരണ ബാങ്ക്, പാലക്കാട് ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലായി ഫിക്സഡ് ഡെപ്പോസിറ്റ്, സേവിങ്സ്, മ്യൂച്വല്‍ ഫണ്ട് വിഭാഗങ്ങളിലായി 30,79,234.75 രൂപയുടെ നിക്ഷേപമുണ്ട്. ഇതില്‍ 2625 രൂപയുടെ സ്റ്റേറ്റ് ബാങ്കിലെ നിക്ഷേപം ഭാര്യയുമായുള്ള ജോയിന്‍റ് അക്കൗണ്ടാണ്. എല്‍.ഐ.സി, എസ്.ബി.ഐ ലൈഫ് യൂണിറ്റ് ലിങ്ക്ഡ്, പോസ്റ്റ് ഓഫീസ് ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയിലായി 811385 രൂപയുടെ പോളിസിയും എം.ബി രാജേഷിനുണ്ട്. ഇതിനു പുറമെ കാര്‍ ലോണ്‍ ഇനത്തില്‍ 237706 രൂപയുടെയും ഭാര്യയുമായുള്ള ജോയിന്‍റ് അക്കൗണ്ടില്‍ 56715 രൂപയുടെ ഭവനവായ്പയും അടക്കം 294421 രൂപയുടെ ബാധ്യതയും ഉണ്ട്. 
    ഭാര്യയുടെ പേരില്‍ 3 ലക്ഷം വിലയുള്ള  120 ഗ്രാം സ്വര്‍ണ്ണം, മലയാളം കമ്മ്യൂണിക്കേഷന്‍സില്‍ 100 രൂപയുടെ ഓഹരി, കൊടുമ്പ് വില്ലേജ് പരിധിയില്‍ 15 സെന്‍റ് സ്ഥലം,  20 ലക്ഷം രൂപ മതിപ്പ് വിലയുള്ള 1950 സ്ക്വയര്‍ഫീറ്റ് വീട് എന്നിവയുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക്, പാലക്കാട് ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലായി 295153.43 രൂപയുടെ നിക്ഷേപമുണ്ട്. ഇതിനു പുറമെ 826511 ൂപയുടെ വിവിധ ഇന്‍ഷുറന്‍സ് പോളിസികളുമുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുല്‍ എം.ബി രാജേഷുമായുള്ള ജോയിന്‍റ് അക്കൗണ്ടില്‍ 56715 രൂപയുടെ ഭവന വായ്പയുമുണ്ട്. മക്കളുടെ പേരില്‍ 1 ലക്ഷം രൂപ വിലമതിക്കുന്ന 40 ഗ്രാം സ്വര്‍ണ്ണവും അച്ഛന്‍റേയും അമ്മയുടെയും കൈവശമായി 6 ലക്ഷം രൂപ വിലമതിക്കുന്ന 200 ഗ്രാം സ്വര്‍ണ്ണവുമുണ്ട്. അച്ഛന്‍റെ പേരില്‍ ചളവറ വില്ലേജില്‍ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന 0.33 ഹെക്ടര്‍ ഭൂമിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, ചെര്‍പ്പുളശ്ശേരി, കോതക്കുറിശ്ശി, ഷൊര്‍ണ്ണൂര്‍ കോപ്പറേറ്റീവ് അര്‍ബന്‍ ബാങ്കുകളിലായി 897930 രൂപയുടെ നിക്ഷേപമുണ്ട്. ഇതിനു പുറമേ കനറാ ബാങ്കില്‍ മൂന്ന് ലക്ഷം രൂപയുടെ കാര്‍ഷിക വായ്പയുമുണ്ട്.          അമ്മയുടെ പേരില്‍ ചളവറ വില്ലേജില്‍ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന 0.12 ഹെക്ടര്‍ ഭൂമിയുമുണ്ട്. കൂടാതെ ചളവറയില്‍ തന്നെ 0.28 ഹെക്ടര്‍ പുരയിടത്തില്‍ 50 ലക്ഷം രൂപ വിലമതിക്കുന്ന 1750 സ്ക്വയര്‍ഫീറ്റ് വീടും ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി കോപ്പറേറ്റീവ് അര്‍ബന്‍ ബാങ്കുകള്‍, കയിലിയാട് സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലായി 1402001 രൂപയുടെ നിക്ഷേപവുമുണ്ട്.
സുഭാഷ് ചന്ദ്രബോസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
    പാലക്കാട് ലോക സഭാ മണ്ഡലത്തിലെ സി.പി.ഐ(എം) സ്ഥാനാര്‍ത്ഥിയായ എസ്. സുഭാഷ് ചന്ദ്രബോസ് ഉച്ചയ്ക്ക് 12.20ന് ജില്ലാ കലക്ടര്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ആര്‍. നിധിന്‍ പിന്താങ്ങി.  
    സുഭാഷ് ചന്ദ്രബോസിന്‍റെ കൈവശം 4000 രൂപയും പി.ഡി.സി.ബാങ്കില്‍ 2000 രൂപയും എലപ്പുള്ളി സര്‍വീസ് ബാങ്കില്‍ 4467 രൂപയും എലപ്പുള്ളി കനറാ ബാങ്കില്‍ 2100 രൂപയും എസ്.ബി.ഐ.യില്‍ 3259 രൂപയുമാണുള്ളത്. മലയാളം കമ്മ്യൂണിക്കേഷന്‍സില്‍ 2000 രൂപയുടെ ബോണ്ട്, 12 ലക്ഷം മതിപ്പുവിലയുള്ള 2014 മോഡല്‍ ഫോര്‍ഡ് കാര്‍, ഇരുചക്രവാഹനം, കുടുംബസ്വത്തായി കിട്ടിയ ഒരേക്കര്‍ 54 സെന്‍റ് കൃഷിഭൂമി, വിലകൊടുത്ത് വാങ്ങിയ ഒരേക്കര്‍ 20 സെന്‍റ് കൃഷിഭൂമി, കുടുംബസ്വത്തില്‍ നിന്ന് വീതംവെച്ച് കിട്ടിയ 90 സെന്‍റ് പുരയിടം, സഹോദരന്‍റെയും കൂട്ടവകാശത്തിലുള്ള മൂന്നര ഏക്കര്‍ കളം എന്നിവയും ഉണ്ട്. കൂടാതെ എലപ്പുള്ളിയില്‍ 75 ലക്ഷം വിലമതിക്കുന്ന വീടും സ്ഥലവുമുണ്ട്. 
    ഭാര്യയുടെ കൈവശം 1700 രൂപയും ബാങ്ക് അക്കൗണ്ടില്‍ ഫിക്സഡ് ഡിപ്പോസിറ്റായി 40000 രൂപയും 18271 രൂപയുടെ സേവിംഗ്സ് അക്കൗണ്ടുമുണ്ട്. ഭാര്യക്ക് ഒമ്പത് ലക്ഷത്തിന്‍റെ ഇന്‍ഷുറന്‍സും 50000 രൂപ വിലയുള്ള ഇരുചക്രവാഹനവും ആറ് ലക്ഷം വിലമതിപ്പുള്ള 300 ഗ്രാം സ്വര്‍ണവും ഉണ്ട്. രണ്ട് മക്കള്‍ക്കുമായി രണ്ട് ലക്ഷം വിലമതിക്കുന്ന 200 ഗ്രാം സ്വര്‍ണവും ബാങ്ക് അക്കൗണ്ടുകളിലായി 15221 രൂപയുമാണ് നാമനിര്‍ദേശ പത്രികയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 
    ഇതിനു പുറമെ സുഭാഷ് ചന്ദ്രബോസിന്‍റെ പേരില്‍ ബാങ്ക് ലോണ്‍, വാഹന വായ്പ, ഗോള്‍ഡ് ലോണ്‍ എന്നിവയില്‍ 25.5 ലക്ഷത്തിന്‍റെ ബാധ്യതകളും ഭാര്യയുടെ പേരില്‍ 10 ലക്ഷം രൂപയുടെ ബാങ്ക് ലോണും ഉണ്ട്. 

date