Skip to main content

തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണം  സ്വീപ് ശ്രദ്ധേയമാകുന്നു

 

ലോക്‌സഭാ ഇലക്ഷന്‍ ജില്ലാ  ഓഫീസറായ ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ ഇടുക്കി മണ്ഡലത്തിലെ എല്ലാ വോട്ടര്‍മാരെയും കൊണ്ട് വോട്ട് ചെയ്യിക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന സ്വീപ് വിഭാഗത്തിന്റെ പ്രവര്‍ത്തനം ജില്ലയില്‍  ശ്രദ്ധേയമാകുന്നു.  തൊടുപുഴ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മദര്‍ ആന്റ് ചൈല്‍ഡ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സ്ഥാപനത്തിലെ കുട്ടികളുടെ ബെന്‍-ബാന്‍ഡ് എന്ന മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന പരിപാടികള്‍ ഇതിനോടകം  ജനശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞു. കുട്ടികളുടെ വിസ്മയകരമായ കലാപ്രകടനങ്ങള്‍ ജില്ലാഭരണകൂടത്തിന്റെ സ്വീപിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റു കൂട്ടുന്നവയാണ്. സംഘത്തിലെ തുമ്പി എന്ന കൊച്ചുകുട്ടിയുടെ പ്രകടനം ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ജില്ലാകലക്ടറുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് കുട്ടികളുടെ പ്രകടനങ്ങള്‍ അരങ്ങേറുന്നത്. മദര്‍ ആന്റ് ചൈല്‍ഡ് ഫൗണ്ടേഷന്‍ സെക്രട്ടറി ജോഷി മാത്യുവിന്റെ നേതൃത്വത്തില്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് റ്റി ജോര്‍ജ്ജാണ് കുട്ടികളുടെ മ്യൂസിക് ബാന്‍ഡ് നയിക്കുന്നത്. ഫൗണ്ടേഷന്‍ പ്രസിഡന്റ് തോമസ് മൈലാടൂര്‍  സൗകര്യങ്ങള്‍ ഒരുക്കി കുട്ടികള്‍ക്ക് ഒപ്പം ഉണ്ട്. മ്യൂസിക് ബാന്‍ഡില്‍ തുമ്പി, പൊന്നു, ഏലിയാസ്, അനഘ, ആല്‍ബിച്ചന്‍, ജോയല്‍ എന്നീ കുട്ടികളുടെ  പ്രകടനങ്ങള്‍ ജില്ലാഭരണകൂടത്തിന് ആവേശമായി. സ്വീപ് നോഡല്‍ ഓഫീസര്‍ കെ.എസ്. ശ്രീകല, ജീവനക്കാരായ ശ്രീകാന്ത്, പ്രിന്‍സ് അഗസ്ത്യന്‍, ശ്രീജ, അനസ്, പ്രമോദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.

date