Skip to main content

ലോക്‌സഭാ ഇലക്ഷന്‍ 2019 വാഹന പരിശോധനയില്‍ ഒരു ലക്ഷം രൂപ പിടിച്ചെടുത്തു

 

തിരുവല്ല നിയോജക മണ്ഡലത്തില്‍ ഫ്ളയിംഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ രേഖകളില്ലാതെ സൂക്ഷിച്ച ഒരു ലക്ഷം രൂപ പിടിച്ചെടുത്തു. മുത്തൂര്‍ കാവുംഭാഗം റോഡില്‍ വാഹന പരിശോധനയിലാണ് രേഖകളില്ലാത്ത പണം പിടിച്ചെടുത്തത്. കാവുംഭാഗം മെത്രയില്‍ അജിത് ഇ ജേക്കബ് എന്ന വ്യക്തിയില്‍ നിന്നാണ് പണം പിടിച്ചെടുത്ത് തിരുവല്ല സബ് ട്രഷറി ചെസ്റ്റില്‍ സൂക്ഷിച്ചിട്ടുള്ളത്. അനധികൃത മദ്യക്കടത്ത്, പണ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ലക്ഷ്യമിട്ടാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ഫ്‌ളയിംഗ് സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുള്ളത്. കളക്ടറേറ്റില്‍ ഇതിനോട് അനുബന്ധിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആരംഭിച്ചിട്ടുണ്ട്. എല്ലാ നിയോജകമണ്ഡലങ്ങളിലും ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് (ഒന്ന് വീതം), ഫ്ളൈയിംഗ് സ്‌ക്വാഡ് (മൂന്ന് വീതം), സ്റ്റാറ്റിക്സ് സര്‍വെയിലന്‍സ് സ്‌ക്വാഡ് (മൂന്ന് വീതം), വീഡിയോ സര്‍വൈലന്‍സ് സ്‌ക്വാഡ് (ഒന്ന് വീതം), വീഡിയോ വ്യൂവിംഗ് സ്‌ക്വാഡ്       (ഒന്ന് വീതം) എന്നിങ്ങനെയാണ് സ്‌ക്വാഡുകളുടെ വിന്യാസം. കൂടുതല്‍ പണവുമായി യാത്ര ചെയ്യുന്നവര്‍ മതിയായ രേഖകള്‍ കൈവശം വയ്ക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി.നൂഹ് അറിയിച്ചു.

           (ഇലക്ഷന്‍: 160/19)

date