Skip to main content

ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ഥികള്‍ പരസ്യം നല്‍കണം

 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ക്രിമിനല്‍ കേസുള്ളവര്‍ ഏറ്റവും പ്രചാരമുള്ള പത്രങ്ങളിലും ടിവി ചാനലുകളിലും മൂന്നു വ്യത്യസ്ത തീയതികളില്‍ പരസ്യം നല്‍കണമെന്ന് ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ പി.ബി. നൂഹ് അറിയിച്ചു.  പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ  പ്രചാരമുള്ള പത്രങ്ങളിലും ടിവി ചാനലുകളിലുമാണ് പരസ്യം നല്‍കേണ്ടത്. 

ഏറ്റവും പ്രചാരമുള്ള ഒരു പത്രത്തില്‍ മൂന്ന് തവണയോ അല്ലെങ്കില്‍ ഏറ്റവും പ്രചാരമുള്ള മൂന്ന് പത്രങ്ങളില്‍ ഒരു തവണയോ ആണ് പരസ്യം നല്‍കേണ്ടത്. ഇതേപോലെ ഏറ്റവും പ്രചാരമുള്ള ഒരു ചാനലില്‍ മൂന്ന് തവണയോ അല്ലെങ്കില്‍ ഏറ്റവും പ്രചാരമുള്ള മൂന്ന് ചാനലുകളില്‍ ഒരു തവണയോ പരസ്യം നല്‍കണം. ഫോര്‍മാറ്റ് സി 1 മാതൃകയില്‍ മലയാളത്തിലായിരിക്കണം പരസ്യം. നാമനിര്‍ദേശം പിന്‍വലിക്കാനുള്ള തീയതി കഴിഞ്ഞ് തൊട്ടടുത്ത ദിവസം മുതല്‍ വോട്ടെടുപ്പിന് രണ്ടു ദിവസം മുന്‍പായി പത്രങ്ങളില്‍ പരസ്യം പ്രസിദ്ധപ്പെടുത്തണം. ഫോണ്ട് സൈസ് 12 ആയിരിക്കണം. ഉചിതമായ സ്ഥലത്ത് വായനക്കാര്‍ കാണത്തക്ക വിധമായിരിക്കണം പരസ്യം നല്‍കേണ്ടത്.  

വോട്ടെടുപ്പ് പൂര്‍ത്തിയാക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന സമയത്തിന് 48 മണിക്കൂര്‍ മുന്‍പ് ചാനലുകളില്‍ മൂന്നു വ്യത്യസ്ത തീയതികളില്‍ പരസ്യം സംപ്രേക്ഷണം ചെയ്യണം. കൃത്യമായി മനസിലാകുന്ന വലിപ്പത്തില്‍ ഏഴ് സെക്കന്റ് സമയം പരസ്യം സ്‌ക്രീനില്‍ തെളിയണം. പരസ്യം ചെയ്തതിന്റെ പകര്‍പ്പ്, സിഡി എന്നിവയും ചെലവ് വിവരങ്ങളും സി നാല്, സി അഞ്ച് ഫോമുകളില്‍ സമര്‍പ്പിക്കണം.                               (ഇലക്ഷന്‍: 161/19)

date