Skip to main content

ഓണ്‍ലൈന്‍ സംവിധാനം വഴി ബാലറ്റ് നല്‍കിയത് ജില്ലയില്‍ 1579 സര്‍വീസ് വോട്ടര്‍മാര്‍ക്ക്

 

ജില്ലയില്‍ ഓണ്‍ലൈന്‍ സംവിധാനം വഴി ബാലറ്റ് നല്‍കിയത്  ജില്ലയിലെ 1579 സര്‍വീസ് വോട്ടര്‍മാര്‍ക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്ക്  വോട്ടുചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേകം സജ്ജമാക്കിയ പോര്‍ട്ടല്‍ വഴിയാണ് റിട്ടേണിങ് ഓഫീസര്‍ കൂടിയായ ജില്ലാകലക്ടര്‍ ഇ-ബാലറ്റുകള്‍ അയച്ചത്. ഇതുവരെ സര്‍വീസ് ബാലറ്റ് പേപ്പര്‍ അടക്കം ചെയ്ത കവര്‍ ഉള്‍പ്പടെ വലിയ കവറിലാക്കി അയക്കുകയായിരുന്നു പതിവ് രീതി. എന്നാല്‍ ഇത്തവണ ഓണ്‍ലൈനിലൂടെയാണ് ഇ-ബാലറ്റുകള്‍ നല്‍കിയത്.

1528  പുരുഷ വോട്ടര്‍മാരും  51 സ്ത്രീ സര്‍വീസ് വോട്ടര്‍മാരാണ് ജില്ലയിലുള്ളത്  ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്  വയനാട് പാര്‍ലമെന്റ് മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന നിലമ്പൂരിലും, വണ്ടൂരിലുമാണ്. നിലമ്പൂരില്‍ 281 ഉം വണ്ടൂരില്‍ 215 സര്‍വീസ് വോട്ടര്‍മാരുമാണുള്ളത്. സ്ത്രീ സര്‍വീസ് വോട്ടര്‍മാര്‍ കൂടുതലുള്ളതും നിലമ്പൂര്‍ മണ്ഡലത്തിലാണ്. വേങ്ങര മണ്ഡലത്തിലാണ് ഏറ്റവും കുറവ് സര്‍വീസ് വോട്ടര്‍മാരുള്ളത്.

സൈനിക-അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് സര്‍വീസ് വോട്ട് ചെയ്യാന്‍ അവസരം. സര്‍വീസ് വോട്ടര്‍മാര്‍ ജോലി ചെയ്യുന്ന വകുപ്പ് തല മേധാവിക്കാണ് ഇ-ബാലറ്റുകള്‍ ലഭിക്കുക.  അവ പ്രത്യേക യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ വകുപ്പ് തല മേധാവിക്ക് ഓഫീസിന് കീഴിലുള്ള വോട്ടര്‍മാരുടെ വിവരങ്ങള്‍ ലഭിക്കും. ബാലറ്റ് പേപ്പര്‍, വോട്ടുചെയ്ത ശേഷം തിരിച്ചയക്കുന്നതിനുള്ള കവര്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് വകുപ്പ് മേധാവി വോട്ടര്‍മാര്‍്ക്ക് വിതരണം ചെയ്യും. വോട്ടര്‍മാര്‍ അവ  വകുപ്പ് തല മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടു കൂടി ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസര്‍ക്ക് വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ടുമണിക്ക് മുമ്പായി നല്‍കണം. തപാല്‍ മാര്‍ഗ്ഗമാണ് അയച്ചു നല്‍കേണ്ടത്.

 

date