Skip to main content

ജില്ലയില്‍ അനധികൃതമായി എത്തിയത് ഒരു കോടി രൂപയും 425 ഗ്രാം സ്വര്‍ണ്ണവും

 

തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ചതോടെ  വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ജില്ലയിലേക്ക് അനധികൃതമായി ഇതുവരെ എത്തിയത്  ഒരു കോടി രൂപയും 425.080 ഗ്രാം സ്വര്‍ണ്ണവും. ജില്ലയിലെ  വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് ഒരു കോടി ആറ് ലക്ഷം രൂപയും 12 ലക്ഷം രൂപ വരുന്ന 425.080 ഗ്രാം സ്വര്‍ണ്ണവും പിടിച്ചെടുത്തത്. ജില്ലയിലെ 16 മണ്ഡലങ്ങളില്‍  13 മണ്ഡലങ്ങളിലായി  ഫ്ളയിങ് സ്‌ക്വാഡും സ്റ്റാറ്റിക് സര്‍വെയലന്‍സ്  സ്‌ക്വാഡും  നടത്തിയ പരിശോധനയിലാണ് പണവും  സ്വര്‍ണ്ണവും പിടിച്ചെടുത്തത്.

മഞ്ചേരി, തവനൂര്‍, മലപ്പുറം, വേങ്ങര, മങ്കട, ഏറനാട്, വണ്ടൂര്‍, കൊണ്ടോട്ടി, കോട്ടക്കല്‍, പെരില്‍മണ്ണ, തിരൂരങ്ങാടി, താനൂര്‍, പൊന്നാനി, തിരൂര്‍ മണ്ഡലങ്ങളിലായി സ്റ്റാറ്റിക് സര്‍വെയലന്‍സ് സ്‌ക്വാഡ് ഒരു കോടി നാല്  ലക്ഷവും ഫ്ളയിങ് സ്‌ക്വാഡ് 1.35 ലക്ഷം രൂപയും പിടിച്ചെടുത്തു. തവനൂര്‍  മണ്ഡലത്തില്‍ നടത്തിയ പരിശോധനയിലാണ് ഫ്ളയിങ് സ്‌ക്വാഡ് ഏറ്റവും കൂടുതല്‍ പണം കണ്ടെത്തിയത്. 3,72,000 രൂപയാണ് പിടിച്ചെടുത്തത്. മങ്കലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ രാജശേഖരന്‍, തവനൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ മിനി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തവനൂരില്‍ ഏറ്റവും കൂടുതല്‍ പണം കണ്ടെടുത്തത്. കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്നാണ്  സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീം സ്വര്‍ണ്ണവും പിടിച്ചെടുത്തത്.

സ്റ്റാറ്റിക് സര്‍വയെലന്‍സ്  സ്‌ക്വാഡിന്റെ നേതൃത്വത്തില്‍  മലപ്പുറം മണ്ഡലത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തത്.  4562380 രൂപയാണ് സ്റ്റാറ്റിക് സര്‍വെയലന്‍സിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്. സ്പെഷ്യല്‍ തഹസില്‍ദാര്‍ കെ.വി ഗീതക്, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി  ജയറാം നായിക്  എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മലപ്പുറം മണ്ഡലത്തില്‍ ഇന്നലെ മാത്രം നടത്തിയ പരിശോധനയില്‍ 237080 രൂപ പിടിച്ചെടുത്തു.
     
ലോകസഭാ തിരഞ്ഞെടു അനുബന്ധിച്ച്  ജില്ലയിലേക്ക് അനധികൃതമായി എത്തുന്ന പണം, സ്വര്‍ണ്ണം, മദ്യം എന്നിവ പിടിച്ചെടുക്കുന്നതിനായിട്ടാണ് ഫ്‌ളൈയിങ് സ്‌ക്വാഡ്,സ്റ്റാറ്റിക് സര്‍വെയലന്‍സ് സ്‌ക്വാഡുകള്‍ വിവിധ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് രൂപീകരിച്ചിട്ടുള്ളത്.
യാത്രയില്‍ രേഖകള്‍ കരുതണം
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ അനധികൃത പണത്തിന്റെ ഒഴുക്ക് തടയാനായി രൂപീകരിച്ച സ്‌ക്വാഡുകള്‍ വാഹനപരിശോധനയടക്കമുള്ളവ  ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.  യാത്രയില്‍ 20,000 രൂപയില്‍ അധികം കൈയില്‍ കൊണ്ടുനടക്കുന്നവര്‍ പണത്തിന്റെ ഉറവിടം, ആവശ്യം, അടക്കമുള്ള വിവരങ്ങള്‍ സാധൂകരിക്കാനാവശ്യമായ രേഖകള്‍കൂടി കൈയില്‍ കരുതണം. പെരുമാറ്റച്ചട്ടലംഘനങ്ങളോ നിയമ വിരുദ്ധ നടപടികളോ ഉണ്ടാകുന്നത് തടയാന്‍ ഫ്ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വെയിലന്‍സ് ടീം  എന്നിവരെ ജില്ലയിലുടനീളം വിന്യസിച്ചിട്ടുണ്ട്.

 

date