Skip to main content

അവധിക്കാലത്ത് അധ്യാപകര്‍ക്ക് ഇനി ക്രിയാത്മക ശില്‍പ്പശാലകള്‍

 

പൊതുവിദ്യാഭ്യാസ ശാക്തീകരണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂള്‍ അധ്യാപകര്‍ക്കായുള്ള പരിശീലന പരിപാടിയുടെ രീതി മാറുന്നു.  പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ ക്രിയാത്മകമായി നടപ്പാക്കുന്നതിനായി  അധ്യാപകരെ പ്രാപ്തമാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷം മുതല്‍ ക്രിയാത്മക അധ്യാപക ശില്‍പ്പശാലകളാണ് സംഘടിപ്പിക്കുന്നത്. പ്രൈമറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നാലു ദിവസം നീണ്ടുനില്‍ക്കുന്ന ശില്‍പ്പശാലകള്‍ മെയ് 13, 17, 22 തീയ്യതികളില്‍ മൂന്നുഘട്ടങ്ങളിലായി നടത്താനാണ് തീരുമാനം.
കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ മലയാള തിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി, ഗണിത മധുരം തുടങ്ങിയ പഠനപോഷണ പരിപാടികളുടെ സംയോജിത ഫലത്തിന്റെ അടിസ്ഥാനത്തില്‍ അക്കാദമിക മാസ്റ്റര്‍ പ്ലാനിലേക്ക് ഉള്‍പ്പെടുത്തുന്നതിനായി അഭിപ്രായ രൂപീകരണം സാധ്യമാക്കുന്ന തരത്തിലായിരിക്കും ശില്‍പ്പശാലകളെന്ന് വിദ്യാഭ്യാസ ഡപ്യുട്ടി ഡയരക്ടര്‍ പി.കൃഷ്ണന്‍ പറഞ്ഞു.
 ജില്ലയില്‍ പ്രൈമറി വിഭാഗത്തില്‍ നിന്ന് 16248, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്ന് 7596 അധ്യാപകരും ശില്‍പ്പശാലയില്‍ പങ്കെടുക്കും. പരിശീലനം നല്‍കുന്നതിനായി നിലവില്‍ 918 റിസോഴ്സ് പേഴ്സണ്‍മാരെയാണ് സജ്ജരാക്കിയിരിക്കുന്നത്. പ്രൈമറി വിഭാഗത്തില്‍ ഓരോ ബാച്ചിനും അഞ്ച് വീതം റിസോഴ്സ് പേഴ്സണ്‍മാരെ നിയോഗിക്കും. ഹൈസ്‌കൂള്‍ വിഭാഗം അധ്യാപകരുടെ ഓരോ ബാച്ചിനും മൂന്നു വീതം റിസോഴ്സ്പേഴ്സണ്‍മാരുമുണ്ടാകും. പ്രൈമറി തലത്തിലുള്ളവര്‍ ഉപജില്ലാ തലത്തില്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കണം. ഹൈസ്‌കൂള്‍ വിഭാഗം അധ്യാപകര്‍ക്ക് വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തിലാണ് ശില്‍പ്പശാല. എന്നാല്‍ ഇവര്‍ക്ക് ജില്ല മാറിയും ശില്‍പ്പശാലയില്‍ പങ്കെടുക്കാം.
കഴിഞ്ഞ വര്‍ഷങ്ങളില്‍ വിഷയ അടിസ്ഥാനത്തിലുള്ള പരിശീലന പരിപാടികളാണ് നടത്തിയിരുന്നെങ്കില്‍ പ്രൈമറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളെ സമഗ്രമായി പരിഗണിച്ചുള്ള ശില്‍പ്പശാലയാണ് ഈ വര്‍ഷം മുതല്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്. പ്രൈമറി, ഹൈസ്‌കൂള്‍ തലത്തിലുള്ള ജില്ലാ റിസോഴ്സ് ഗ്രൂപ്പുകള്‍ക്കുള്ള പരിശീലനം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഇതിന് പുറമെ ജില്ലയിലെ 103 കേന്ദ്രങ്ങളില്‍ കൈറ്റിന്റെ നേതൃത്വത്തില്‍ പ്ലസ്ടു വരെയുള്ള അധ്യാപകര്‍ക്കായി ഐ.ടി പ്രായോഗിക പരിശീലനവും സമാന്തരമായി നടന്നുവരികയാണ്.

അധ്യാപക പരിശീലനത്തിനുള്ള ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തി

ജില്ലയില്‍ പ്രൈമറി-ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കായുള്ള അവധിക്കാല ശില്‍പ്പശാലയ്ക്കായുള്ള ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താനും നിലവിലെ സാഹചര്യം അവലോകനം ചെയ്യാനുമായി സംയുക്തയോഗം ചേര്‍ന്നു. വിദ്യാഭ്യാസ ഉപഡയരക്ടര്‍ പി.കൃഷ്ണന്റെ അധ്യക്ഷതയില്‍ സിവില്‍ സ്റ്റേഷനിലെ കൈറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു യോഗം. വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവര്‍ത്തന പുരോഗതി യോഗത്തില്‍ വിലയിരുത്തി.
കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പഠനവിടവുണ്ടായിട്ടുണ്ടെങ്കില്‍ അതു പരിഹരിക്കാനും റിസോഴ്സ് പേഴ്സണ്‍മാരുടെ കുറവ് ഇല്ലാതാക്കാനും പഠനോത്സവ ഉണര്‍വിനെ തുടര്‍ന്ന് പൊതുവിദ്യാലയങ്ങളിലുണ്ടായ വിദ്യാര്‍ത്ഥികളുടെ വര്‍ധനവ് വലിയ മുന്നേറ്റമാക്കി മാറ്റാനുള്ള നടപടികള്‍ കൈക്കൊള്ളാനും യോഗത്തില്‍ തീരുമാനമായി.
എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ എന്‍. നാസര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.കെ അബ്ദുല്‍ഗഫൂര്‍, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ അബ്ദുല്‍റഷീദ്, ജില്ലയിലെ ഡി.ഡിമാര്‍, ഡി.ഇ.ഒമാര്‍, എ.ഇ.ഒമാര്‍, ബി.പി.ഒമാര്‍, ഡയറ്റ് ഫാക്കല്‍റ്റികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

date