Skip to main content

ഭിന്നശേഷിക്കാർക്കായി ദുരന്തലഘൂകരണ നിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു

 

* സമാപനസമ്മേളനം റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസ് ഭിന്നശേഷിക്കാർക്കായി 14 ജില്ലകളിലുമായി  ദുരന്തലഘൂകരണ നിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്ത് നടന്ന സമാപന സമ്മേളനം റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പ്രളയം, ഭൂകമ്പം പോലുള്ള ദുരന്തങ്ങളുണ്ടാകുമ്പോൾ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് സമൂഹത്തിലെ ദുർബല വിഭാഗമാണെന്നും അത്തരം സമൂഹത്തെ പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്യാൻ പ്രാപ്തരാക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും അവ പരിഹരിക്കുന്നതിനും ഈ സർക്കാർ കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. സ്ഥാനക്കയറ്റത്തിനും ശമ്പളവർധനവിനും മാത്രമായി ഗവേഷണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഭിന്നശേഷിക്കാർക്കായി എം. ജി. സർവകലാശാലയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസ് നടത്തുന്ന പ്രവർത്തനം മാതൃകപരമാണെന്നും മന്ത്രി വ്യക്തമാക്കി. ദുരന്തനിവാരണപരിശീലനത്തിനായി തയ്യാറാക്കിയ ബ്രയിലി ലിപിയിലുള്ള പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. 
കാഴ്ച, ശ്രവണ, സംസാര, ബുദ്ധി സംബന്ധമായ വെല്ലുവിളികൾ നേരിടുന്നവർ, അസ്ഥി, ചലന സംബന്ധമായ വെല്ലുവിളികൾ നേരിടുന്നവർ എന്നിവർക്ക് പ്രത്യേകം പരിശീലനമാണ് നൽകുന്നത്. 140 ഓളം പരിശീലകരുടെ നേതൃത്വത്തിൽ ദുരന്തനിവാരണത്തിൽ പങ്കാളികളാകാനും പ്രഥമശുശ്രൂഷ നൽകുന്നതിനും പ്രാപ്തരാക്കുന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ സാമൂഹികനീതി വകുപ്പിന്റേയും സഹകരണത്തോടെയാണ് ഓരോ ജില്ലയിലും പരിപാടികൾ സംഘടിപ്പിച്ചത്. മൂവായിരത്തോളം പേർക്ക് ഇതിനകം പരിശീലനം നൽകി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ്, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ  ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസബിലിറ്റീസ് സ്റ്റഡീസ് ഡയറക്ടർ ഡോ. പി. റ്റി. ബാബുരാജ്, ഡോ. മുഹമ്മദ് അഷീൽ, അഡ്വ. മോഹനൻ പരശുവയ്ക്കൽ, എസ്. പാർവതി എന്നിവർ സംബന്ധിച്ചു.
പി.എൻ.എക്സ്. 1500/19

date