Skip to main content

കെ.സി.എസ്. പണിക്കര്‍ അനുസ്മരണം

മണ്‍മറഞ്ഞ വിഖ്യാത ചിത്രകാരന്‍ കെ.സി.എസ്. പണിക്കര്‍ അനുസ്മരണവും അദ്ദേഹത്തിന്റെ 108-ാം ജന്മവാര്‍ഷികവും വിപുലമായ പരിപാടികളോടെ കേരള ലളിതകലാ  അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നു. കെ.സി.എസ്. പണിക്കരുടെ പൊന്നാനി വെളിയംകോടിലെ തറവാട് വീട്ടില്‍ 2019 മെയ് 31ന് രാവിലെ 9 മണിക്കാണ് അനുസ്മരണവും, ജന്മവാര്‍ഷിക പരിപാടികളും നടക്കുന്നത്. അന്നേദിവസം കെ.സി.എസ്. പണിക്കരുടെ കലാജീവിതത്തെ അടിസ്ഥാനപ്പെടുത്തി ഡി. ദാമോദര്‍ പ്രസാദ് സംവിധാനം ചെയ്ത ''വര്‍ണ്ണ ഭേദങ്ങള്‍ : കെ.സി.എസ്സും. ചിത്രകലയും'' എന്ന ഡ്യോക്യുമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. ഭാരതീയ ചിത്രകലയില്‍ ആധുനികതയുടെ വെളിച്ചം കൊണ്ടുവന്ന ചിത്രകാരനായിരുന്നു കെ.സി.എസ്. പണിക്കര്‍. പാശ്ചാത്യ സ്വാധീനത്തില്‍ നിന്നു മുക്തമായി ആധുനികത അവതരിപ്പിക്കുകയും ചോളമണ്ഡലം എന്ന പ്രശസ്തമായ കലാകേന്ദ്രം സൃഷ്ടിക്കുകയും ചെയ്ത അദ്ദേഹം സ്വാതന്ത്ര്യാനന്തര ഭാരതീയ ചിത്രകലയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വങ്ങളിലൊരാളായിരുന്നു.

കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍  എന്‍.കെ.പി. മുത്തുക്കോയ മുഖ്യാതിഥിയാകും. പ്രശസ്ത  കലാചരിത്രകാരന്മാരും, നിരൂപകരുമായ വിജയകുമാര്‍ മേനോന്‍, കെ.കെ. മാരാര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, നിര്‍വ്വാഹകസമിതി അംഗം ബൈജുദേവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

 

date