Skip to main content

സാക്ഷര ഗ്രാമത്തിലെ വിദ്യാലയ മുത്തശ്ശിക്കായി പുതിയ മന്ദിരമൊരുങ്ങി

 

പോത്താനിക്കാട്:  സാക്ഷര ഗ്രാമത്തിലെ വിദ്യാലയ മുത്തശ്ശിയിനി പുതിയ മന്ദിരത്തിൽ അക്ഷര വെളിച്ചം പകരും. രാജ്യത്തെ ആദ്യ സാക്ഷരതാ ഗ്രാമമായ പോത്താനിക്കാട്ടെ ഗവ. എൽ.പി സ്കൂളാണ് ഈ അധ്യയന വർഷം മുതൽ പുതിയ മന്ദിരത്തിൽ അക്ഷര വെളിച്ചം പകരുന്നത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള സ്കൂൾ ശോച്യാവസ്ഥയിലായതോടെ പുനർ നിർമ്മിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നുയർന്നിരുന്നു. ഇതിനെ തുടർന്ന് എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ചാണ് സ്കൂളിന് ആകർഷകമായ രീതിയിൽ പുതിയ മന്ദിര മൊരുക്കിയത്. ഇതോടെയാണ് ഒരു നാടിന്റെ ചിരകാല സ്വപ്നം പൂവണിഞ്ഞത്. ഇതോടൊപ്പം തന്നെ ജോയ്സ് ജോർജ് എം.പി.യുടെ ഫണ്ടിൽ സ്കൂൾ ബസ് കൂടി അനുവദിച്ചത് ഇവരുടെ സന്തോഷം ഇരട്ടിയാക്കിയിട്ടുണ്ട്. 1905 ൽ പോത്താനിക്കാട് ഉമ്മിണിക്കുന്ന് ക്രിസ്ത്യൻ പള്ളിയുടെ കീഴിൽ 50 കുട്ടികളുമായി കുടിപള്ളിക്കൂടമായി ആരംഭിച്ച സ്കൂളാണ് ഗ്രാമത്തിന്റെ തിലകക്കുറിയായി വളർന്നത്. 114 വർഷം പിന്നിടുമ്പോൾ 4 സ്ഥിരം അധ്യാപകരും ഒരു പാർട്ട് ടൈം അധ്യാപികയും പ്രീ പ്രൈമറിയിലേതടക്കം 110 വിദ്യാർത്ഥികളുമാണ് സ്കൂളിലുള്ളത്. സ്കൂൾ ശോച്യാവസ്ഥയിലായതോടെ പുനർ നിർമ്മിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് എം.എൽ.എ. ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ചത്. 2017 ഫെബ്രുവരിയിൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞ മാർച്ചിലാണ് പൂർത്തീകരിച്ചത്. ഇതോടെയാണ് ഈ അധ്യയന വർഷം കുരുന്നുകളെ സ്വീകരിക്കാൻ പുതിയ മന്ദിരം  അണിഞ്ഞൊരുങ്ങിയത്. ഒറ്റ നിലയിലായി 4 ക്ലാസ് റൂമുകളാണ് പുതിയ മന്ദിരത്തിലുള്ളത്. മരിയൻ അക്കാഡമിയിലെ ചിത്രകലാ വിദ്യാർത്ഥികൾ കുരുന്നുകളുടെ  പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചുവർ ചിത്രങ്ങൾ വരച്ച് സ്കൂൾ ഭിത്തിയെ മനോഹരമാക്കിയിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂമുകൾക്കായുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി വ്യത്യസ്തതയാർന്ന നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടക്കുന്നതെന്ന് ഹെഡ്മിസ്ട്രസ് കെ.കെ .റംലത്ത് പറയുന്നു. കെട്ടിടത്തിന്റെ ശോച്യാവസ്ഥയായിരുന്നു പ്രതിസന്ധി സൃഷ്ടിച്ചിരുന്നത്. എന്നാൽ പുതിയ മന്ദിരം പൂർത്തിയാക്കിയതോടെ ആ പ്രതിസന്ധി മറികടന്നിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. കുട്ടികളുടെ പഠന പാഠ്യേതര പ്രവർത്തനങ്ങളെ പ്രാത്സാഹിപ്പിക്കുന്നതിനായി  വിവിധ പരിപാടികളും സ്കൂളിൽ നടക്കുന്നുണ്ട്. ഇതിനായി അധ്യാപകരും  രക്ഷിതാക്കളും ഒരേ മനസോടെയാണ് പ്രവർത്തിക്കുന്നതെന്ന് പി.റ്റി.എ. പ്രസിഡന്റ് സിജു പറയുന്നു. വിദ്യാർത്ഥികൾക്കായി യോഗക്ലാസുകൾ, എൽ.എസ്.എസ് പരിശീലനം, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഗണിത വിജയം തുടങ്ങി വിവിധ പരിശീലന പരിപാടികൾ സ്കൂളിൽ നടക്കുന്നുണ്ട്. കൂടാതെ ശാസ്ത്ര-ഗണിത ലാബുകളും പ്രവർത്തിക്കുന്നുണ്ട്. ജൈവ പച്ചക്കറി കൃഷി, നക്ഷത്ര വനം തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ പുതിയ മന്ദിരത്തോടൊപ്പം പുതിയ സ്കൂൾ ബസും സ്കൂളിലെത്തിക്കഴിഞ്ഞു. സാക്ഷരതയിൽ രാജ്യത്തിന് മാതൃകയായ ഈ ഗ്രാമത്തിൽ കൂട്ടായ്മയിലൂടെ വിജയത്തിന്റെ പടവുകൾ താണ്ടുകയാണ് ഈ വിദ്യാലയം
 

date