Skip to main content

മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. പ്രകൃതി ദുരന്തങ്ങളുണ്ടാവുകയാണെങ്കില്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടിയെക്കുറിച്ചും മുന്നൊരുക്കം സംബന്ധിച്ചും ജില്ല കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് വിലയിരുത്തി.
മഴക്കാല മുന്നൊരുക്ക ദുരന്ത പ്രതികരണ മാര്‍ഗരേഖ പ്രകാരം ഓരോ വകുപ്പും നടപ്പാക്കേണ്ട ചുമതലകള്‍ യോഗത്തില്‍ വിശദീകരിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ വകുപ്പില്‍ നിന്നും ഒരു നോഡല്‍ ഓഫീസറെ നിയമിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. മഴക്കാലത്തുണ്ടായേക്കാവുന്ന അപകടങ്ങള്‍ കണക്കിലെടുത്ത് അപകടകരമായ രീതിയിലുള്ള മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റുന്നതിനും വൈദ്യുതി വകുപ്പ് അധികൃതര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. താലൂക്കുകളില്‍ ആവശ്യമായ മുന്നൊരുക്കം നടത്താനും കണ്‍ട്രോള്‍ റൂം തുറക്കാനും കലക്ടര്‍ ആവശ്യപ്പെട്ടു. അടിയന്തര ഘട്ടത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കാനും ഉപകരണങ്ങള്‍ ലഭ്യമാക്കാനും നിര്‍ദേശം നല്‍കി. ജില്ലയില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകള്‍ കണ്ടെത്താനും ആവശ്യമെങ്കില്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതടക്കം ചെയ്യാനും കലക്ടര്‍ നിര്‍ദേശം നല്‍കി. തീരദേശത്ത് മുന്നറിയിപ്പ് നല്‍കുന്നതിന് പബ്ലിക് അനൗണ്‍സ്മെന്റ് സിസ്റ്റം സ്ഥാപിക്കാനും തീരുമാനിച്ചു.
കഴിഞ്ഞ കാലവര്‍ഷ സമയത്ത് ഗതാഗതം തടസ്സപ്പെട്ട സ്ഥലങ്ങളില്‍ പകരം സംവിധാനം ഇപ്പോള്‍ തന്നെ ഉറപ്പ് വരുത്താന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ആരോഗ്യ സ്ഥാപനങ്ങളില്‍ വെള്ളം കയറുന്ന സ്ഥിതിയുണ്ടായാല്‍ പകരം സംവിധാനം കാണാനും നിര്‍ദേശിച്ചു. വിദ്യാലയങ്ങളും അങ്കണവാടികളും പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പ് വരുത്താനും യോഗത്തില്‍ നിര്‍ദേശം നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ഡെപ്യൂട്ടി കലക്ടര്‍ പി.പി ജയരാജന്‍, തഹസില്‍ദാര്‍മാര്‍, വകുപ്പ് മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.

 

date