Skip to main content

കരുതല്‍ സ്പര്‍ശം-കൈകോര്‍ക്കാം കുട്ടികള്‍ക്ക്- സംസ്ഥാനതല ക്യാമ്പയിന്‍ തത്സമയ സംപ്രേക്ഷണം ഇന്ന്

ഉത്തരവാദിത്വപൂര്‍ണ്ണമായ രക്ഷാകര്‍തൃത്വം (റെസ്‌പോണ്‍സസിബിള്‍ പാരന്റിങ്) ഉറപ്പാക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കരുതല്‍ സ്പര്‍ശം-കൈകോര്‍ക്കാം കുട്ടികള്‍ക്കായി എന്ന പേരില്‍ ഇന്ന് (മെയ്  29ന്) തത്സമയ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ക്യാമ്പയിന്റെ ഭാഗമായി നടത്തുന്ന സംസ്ഥാനതല ഏകദിന ബോധവത്ക്കരണ പരിപാടി വിക്ടേഴ്‌സ് ചാനലില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെ ജില്ലയിലെ ഏഴു കേന്ദ്രങ്ങളില്‍ തത്സമയം സംപ്രേഷണം ചെയ്യും.
നിലമ്പൂരില്‍ ഒ.സി.കെ ഓഡിറ്റോറിയത്തിലും മഞ്ചേരിയില്‍ മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും മലപ്പുറത്ത് ആനന്ദ് തിയേറ്ററിലും പെരിന്തല്‍മണ്ണയില്‍ കെ.സി മൂവീസിലും  തിരൂരില്‍ വാഗണ്‍ട്രാജഡി ഹാളിലും കൊണ്ടോട്ടി  കവിത തിയേറ്ററിലും പൊന്നാനി ആര്‍.ബി ഹാളിലുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉത്തരവാദിത്വ പൂര്‍ണമായ രക്ഷാകര്‍തൃത്വം, കുട്ടികളിലെ പഠന പ്രശ്നങ്ങളും പരിഹാരങ്ങളും, കുട്ടികളിലെ ലഹരി ഉപയോഗവും പരിഹാരങ്ങളും, ആരോഗ്യകരമായ സൈബര്‍ ഇടങ്ങള്‍ ഉറപ്പാക്കാനുള്ള മാര്‍ഗങ്ങള്‍ എന്നീ  ക്ലാസ്സുകളാണ്  ബോധവത്കരണ പരിപാടിയിലൂടെ നല്‍കുക. ജില്ലയിലെ മുഴുവന്‍ ഐ.സി.ഡി.എസ് ഉദ്യോഗസ്ഥരും  സി.ഡി.പി.ഒ, സൂപ്പര്‍വൈസര്‍മാര്‍ എന്നിവരും അങ്കണവാടി ജീവനക്കാരും ഉള്‍പ്പെടെ 3500 ല്‍ കൂടുതല്‍ പേര്‍ പരിപാടിയില്‍ പങ്കെടുക്കും. സംസ്ഥാന തല പ്രോഗ്രാം ആരോഗ്യ, സാമൂഹ്യ നീതി, വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ഉത്തരവാദിത്വപൂര്‍ണ്ണമായ  രക്ഷാകര്‍തൃത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനുമാണ് സംസ്ഥാനതല ക്യാമ്പയനിങ് സംഘടിപ്പിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ജില്ലാ തലത്തില്‍ ഗ്ലോബല്‍ പാരന്റിംഗ് ഡേ ആയ  ജൂണ്‍ ഒന്ന് രാവിലെ 10ന് റെസ്പോണ്‍സിബിള്‍ പാരന്റിങ് ശില്‍പശാലയും  സംഘടിപ്പിക്കും. ജില്ലാ പ്ലാനിങ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടി ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാവും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം നസീര്‍ ചാലിയം മുഖ്യാതിഥിയാകും. ഡെല്‍സ, ആശാ വര്‍ക്കര്‍മാര്‍, എക്സൈസ്, ചൈല്‍ഡ്‌ലൈന്‍, കുടുംബശ്രീ, സ്പെഷ്യല്‍ ജുവനൈല്‍ പൊലീസ് യൂനിറ്റ്, സിഡിപിഒ മാര്‍  ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാര്‍  സ്‌കൂള്‍ കൗണ്‍സിലേഴ്‌സ്,  കോളജ് അധ്യാപകര്‍  തുടങ്ങിയവര്‍ ശില്പശാലയില്‍  പങ്കെടുക്കും

 

date