Skip to main content

ചെള്ള് പനി മരണം: ചേലേമ്പ്രയില്‍ ജില്ലാ മെഡിക്കല്‍ സംഘം പരിശോധന നടത്തി

 

ചെള്ള് പനി മരണം സ്ഥിരീകരിക്കപ്പെട്ട ചേലേമ്പ്രയില്‍  ജില്ലാ മെഡിക്കല്‍ സംഘം പരിശോധന നടത്തി. കഴിഞ്ഞ 17 നാണ്  ചെള്ള് പനി ബാധിച്ച് പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകയായ പനയപ്പുറത്ത് പുറായ് പി ഉഷ (58) മരിച്ചത്.  കഴിഞ്ഞ 24 നാണ് മരണ കാരണം ചെള്ള് പനിയാണെന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നത്. ഒന്നര വര്‍ഷം മുന്‍പ് ഡെങ്കിപ്പനി മരണവും മാസങ്ങള്‍ക്ക് മുമ്പ് മഞ്ഞപ്പിത്തവും   കണ്ടെത്തിയ ചേലേമ്പ്രയില്‍ ചെള്ള് പനി മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ജനങ്ങള്‍ ഏറെ ആശങ്കയിലായിരുന്നു. മരണം ചെള്ള് പനി മൂലമാണെന്ന് റിപ്പോര്‍ട്ട് വന്നതോടെ ഗ്രാമ പഞ്ചായത്തിന്റെയും, ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് പ്രദേശത്ത് തുടരുന്നത്. ജനങ്ങളുടെ ആശങ്കയകറ്റുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ജില്ലാ മെഡിക്കല്‍ സംഘം ചൊവ്വാഴ്ച രാവിലെയാണ് ചേലേമ്പ്രയിലെത്തിയത്. ബയോളജിസ്റ്റ് എന്‍. ശ്രീകൃഷ്ണകുമാര്‍, എച്ച്.എസ് പി.കെ രാമദാസ്, ഇന്‍സെക്ട് കലക്ടര്‍മാരായ സി.ശശിധരന്‍, കെ.അനിരുദ്ധന്‍, ഫീല്‍ഡ് അസിസ്റ്റന്റ് വി.രാജേഷ്, ഫീല്‍ഡ് വര്‍ക്കര്‍മാരായ ദിനേശ് ബാബു, ബിനീഷ്, രാജു, ശങ്കരന്‍, എന്നിവരടങ്ങുന്ന ജില്ലാ മെഡിക്കല്‍ സംഘമാണ് പ്രദേശത്ത് ബോധവല്‍ക്കരണമുള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായു എത്തിയത്. ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷ്, വൈസ് പ്രസിഡന്റ് കെ.ജമീല, മെഡിക്കല്‍ ഓഫീസര്‍ വി.ആര്‍ അനീഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി ഗിരീഷ്, ജെ.എച്ച്.ഐ ടി.എം വിനോദ് എന്നിവരും ജില്ലാ മെഡിക്കല്‍ സംഘത്തോടൊപ്പം സ്ഥലത്തെത്തിയിരുന്നു.
മരണം നടന്ന വീട്ടിലും സമീപ പ്രദേശങ്ങളിലും മരുന്ന് തളിക്കുകയും മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ക്കായി ബോധ വല്‍ക്കരണ ക്ലാസ് നടത്തി. ഭക്ഷണം കാര്‍ന്ന് തിന്നുന്ന എലി, അണ്ണാന്‍ തുടങ്ങിയ ജീവികളുടെ ചെവികളില്‍ നിന്നുണ്ടാകുന്ന വളരെ ചെറിയ ചെള്ളാണിതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.  ഇത്തരം ചെള്ളുകള്‍ ചെടികളില്‍ മുട്ടയിട്ട് വളരുകയും രോഗ ബാധയുള്ള ചെള്ള് മനുഷ്യനെ കടിക്കുകയും ചെയ്യുന്നതിലൂടെയാണ് രോഗം ബാധിക്കുന്നതെന്നും ഡിഎംഒ പറഞ്ഞു.

 

date