Skip to main content

അങ്കണവാടി പ്രവേശനോത്സവം: ജില്ലാതല ഉദ്ഘാടനം ഇന്ന് പുതുശ്ശേരിയില്‍.  

 

അങ്കണവാടി പ്രവേശനോല്‍സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (മെയ് 30) രാവിലെ 10.30 ന് പുതുശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. അങ്കണവാടികളുടെ പ്രാധാന്യം സമൂഹത്തില്‍ വര്‍ധിപ്പിക്കുക, പ്രീ - സ്‌കൂള്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക ലക്ഷ്യമിട്ട് നടത്തുന്ന പരിപാടി ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സുരേഷ് ഉദ്ഘാടനം ചെയ്യും. ആദിവാസി മേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്നതിന്റെ ഭാഗമായാണ് മലമ്പുഴ ഐ.സി.ഡി.എസ്. പ്രോജക്ടിലെ പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളെ പ്രവേശനോല്‍സവത്തിനായി തിരഞ്ഞെടുത്തത്. 

പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാവുന്ന പരിപാടിയില്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ശിവകാമി മുഖ്യാതിഥിയാവും. പ്രവേശനോത്സവത്തിന്റെ ഭാഗമായി ശിശുക്കള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കുള്ള പോഷകാഹാര പരിപാടി, അവയുടെ പ്രാധാന്യം, പോഷകഗുണങ്ങള്‍, നാടന്‍ ഭക്ഷ്യവിഭവങ്ങളുടെ പോഷക നിലവാരവും പ്രാധാന്യവും, കുഞ്ഞിന്റെ ആദ്യ 1000 ദിനങ്ങള്‍, ഇ.സി.സി.ഇ.യുടെ പ്രാധാന്യം വിഷയങ്ങളില്‍ ക്ലാസ്സുകളും കുട്ടികളുടെ കലാപരിപാടികളും നടക്കും.

അങ്കണവാടി പ്രവേശനോത്സവം: 18 അങ്കണവാടികളെ ശിശു സൗഹൃദമാക്കി വല്ലപ്പുഴ ഗ്രാമപഞ്ചായത്ത്.

ആദ്യാക്ഷരം പഠിക്കാനെത്തുന്ന കുരുന്നുകളെ വരവേല്‍ക്കാന്‍ 18 ശിശുസൗഹൃദ അങ്കണവാടികള്‍ ഒരുക്കി വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് ശ്രദ്ധേയമാവുന്നു. ഇന്ന് (മെയ് 30)  നടക്കുന്ന അങ്കണവാടി പ്രവേശനോല്‍സവത്തില്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ്  പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശിശു സൗഹൃദ അങ്കണവാടികള്‍ ഒരുക്കിയത്. ശൈശവകാല ശിശുപരിചരണം, വിദ്യാഭ്യാസവും വികസനവും ലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ അങ്കണ പൂമഴ പാഠ്യ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 27 അങ്കണവാടികളില്‍ 18 എണ്ണവും ശിശുസൗഹൃദമാക്കി. 

കുട്ടികള്‍ക്ക് പഠിക്കാനുള്ള വിവിധ വിഷയങ്ങളെ ഉള്‍പ്പെടുത്തി അങ്കണവാടിയുടെ ചുമരുകളില്‍ ചിത്രങ്ങളും അക്ഷരമാലയും സംഖ്യകളും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെയും പക്ഷികളുടെയും മൃഗങ്ങളുടെയും ചിത്രങ്ങള്‍ വരച്ചുചേര്‍ക്കുന്നതിലൂടെ കുട്ടികളുടെ പഠന പ്രക്രിയ എളുപ്പമാക്കുക കൂടി പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതിയുടെ ഭാഗമായി കുട്ടികളെ ആകര്‍ഷിക്കുന്ന ആംഗ്യപ്പാട്ട്, പാവനാടകം എന്നീ കലാരൂപങ്ങള്‍ക്കായി ടീച്ചര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കുന്നു. 

കുട്ടികള്‍ക്കായി ആകര്‍ഷകമായ ഫര്‍ണിച്ചറുകള്‍, ചിത്രങ്ങളൊരുക്കിയുള്ള ചുമരുകള്‍, കുട്ടികള്‍ വരയ്ക്കുന്ന ചിത്രങ്ങള്‍  പ്രദര്‍ശിപ്പിക്കുന്നതിനായുള്ള പിക്ചര്‍ ബോര്‍ഡ് എന്നിവയും ഒരുക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കുട്ടികളെ എത്തിക്കുകയും മികച്ച രീതിയില്‍ പാഠ്യ പ്രവര്‍ത്തനങ്ങളും സാമൂഹിക സേവനവും കാഴ്ചവെച്ച പഞ്ചായത്തിലെ രണ്ട് അങ്കണവാടികള്‍ക്ക് മികച്ച പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരങ്ങളും പഞ്ചായത്ത് നല്‍കുന്നുണ്ട്. ഇത്തവണ 105 -ാം നമ്പര്‍ പള്ളിപ്പടി അങ്കണവാടിയും 119-ാം നമ്പര്‍ കല്ലുംക്കൂട്ടം അങ്കണവാടിയുമാണ് മികച്ച പ്രവര്‍ത്തനത്തിന് ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടിയത്.

അങ്കണവാടികളുടെ സമഗ്ര വികസനം: ജീവനക്കാര്‍ക്കായി പ്രത്യേക പരിശീലനം സംഘടിപ്പിച്ചു

വല്ലപ്പുഴ ഗ്രാമപഞ്ചായത്ത്, വല്ലപ്പുഴ വനിതാ ശിശു വികസന സേവന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ അങ്കണവാടി പ്രവര്‍ത്തകര്‍ക്കും അങ്കണവാടി മോണിറ്ററിംഗ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് കമ്മിറ്റി അംഗങ്ങള്‍ക്കുമായി ദ്വിദിന പരിശീലനം  നടത്തി. പ്രതിബദ്ധത, ഉത്തരവാദിത്വം, സേവന ഗുണനിലവാരം എന്നിവ ഉയര്‍ത്തുക, ശിശുസൗഹൃദ സമീപനത്തിലൂടെ പ്രീ സ്‌കൂള്‍ കുട്ടികളുടെ സമഗ്ര വികസനം ഉറപ്പുവരുത്തുക ലക്ഷ്യമിട്ടാണ് പരിശീലനം നടത്തിയത്. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച അങ്കണവാടികളുടെ പ്രവര്‍ത്തനം കാണിക്കുന്ന ഹ്രസ്വ ചിത്രവും പ്രദര്‍ശിപ്പിച്ചു.
 

date