Skip to main content

സ്വാഭാവിക വനവത്കരണ പദ്ധതിയുമായി ഹരിത കേരള മിഷന്റെ പച്ചത്തുരുത്ത് സിവില്‍ സ്റ്റേഷനിലെ പത്ത് സെന്റ് സ്ഥലം പച്ചത്തുരത്താക്കും

 

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  സ്വാഭാവിക വനവത്കരണമെന്ന ലക്ഷ്യവുമായി ഹരിതകേരളമിഷന്‍ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ സിവില്‍ സ്റ്റേഷനിലെ പത്ത് സെന്റ് സ്ഥലം പച്ചത്തുരത്താക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. മലപ്പുറം നഗരസഭയ്ക്കാണ്  സിവില്‍സ്റ്റേഷനിലെ പച്ചത്തുരുത്ത് നിര്‍മ്മാണത്തിന്റെ ചുമതല. സംസ്ഥാനത്തൊട്ടാകെ ലഭ്യമായ സ്ഥലങ്ങളിലെല്ലാം സ്വാഭാവിക വനങ്ങളുടെ മാതൃകകള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള പച്ചത്തുരുത്ത് പദ്ധതിയില്‍ ജില്ലയില്‍ നടപ്പിലാക്കേണ്ട മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധയിടങ്ങളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പച്ചത്തുരുത്തുകളുടെ നിര്‍മ്മാണോദ്ഘാടനം നടക്കും. പൊതുസ്ഥലങ്ങളിലുള്‍പ്പെടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക വനമാതൃകകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കുന്ന  പദ്ധതിയാണ് പച്ചത്തുരുത്ത്.

       പച്ചത്തുരുത്ത് അഥവാ അവസാനത്തെ കച്ചിത്തുരുമ്പ്
ഒരേ സ്ഥലത്ത്  തന്നെ എല്ലാ വര്‍ഷവും പുതിയ തൈകള്‍ നടുന്ന രീതിക്ക് ഒരു മാറ്റമെന്ന രീതിയിലാണ് സംസ്ഥാന സര്‍ക്കാരിന് കീഴിലെ ഹരിത കേരള മിഷന്‍ പച്ചത്തുരുത്തെന്ന പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ് മരങ്ങള്‍ നടുന്നത്.  നാലോ അഞ്ചോ വര്‍ഷത്തോളമുള്ള പരിചരണവും ഉറപ്പാക്കും. നഗരസഭാംഗം  ചെയര്‍മാനായി പ്രാദേശിക സംരക്ഷണ സമിതിയും പച്ചത്തുരുത്തിന് കാവലേകും. സ്വാഭാവിക വനവത്കരണം നടപ്പിലാകുന്നതിലൂടെ ജല സംരക്ഷണവും ശുദ്ധ വായുവുമാണ് പ്രധാനമായും പച്ചത്തുരുത്ത് ലക്ഷ്യമിടുന്നത്. ആഗോള താപനത്തിന് പരിഹാരമെന്ന നിലയിലും ഇത്തരം പച്ചത്തുരുത്തുകള്‍ പ്രയോജനപ്പെടും.
പൊതു സ്ഥാപനങ്ങളോട് ചേര്‍ന്ന ഭൂമിയോ, സ്‌കൂള്‍ കോമ്പൗണ്ടുകളോ, സ്വകാര്യ വ്യക്തികള്‍ പ്രത്യേക അനുമതി പത്രം നല്‍കുകയാണെങ്കില്‍ അത്തരം സ്ഥലങ്ങളിലോ പച്ചത്തുരുത്ത് നിര്‍മ്മിക്കാനാണ് പദ്ധതി. ജില്ലയിലെ ഇത്തരം മുഴുവന്‍ തുരുത്തുകള്‍ക്കും ഏകീകൃത നമ്പറുകള്‍ ഇടുകയും സംരക്ഷിക്കുയും ചെയ്യും. പച്ചത്തുരുത്തുകളില്‍ പൊതുജനങ്ങള്‍ക്ക് വൈകുന്നേരങ്ങളിലും മറ്റും സന്ദര്‍ശനത്തിന്  അവസരം നല്‍കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക.  പ്രാദേശികമായി ലഭ്യമായ വിത്തുകളും തൈകളും മാത്രമാകും സ്വാഭാവിക വന വത്കരണത്തിനായി ഉപയോഗിക്കുക എന്ന പ്രത്യേകതയും ഈ പദ്ധതിക്കുണ്ട്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ അമിത് മീണ മുഖ്യ പ്രഭാഷണം നടത്തി. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. രാജു സ്വാഗത പ്രഭാഷണവും സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് എസ്. സഞ്ജീവ് വിഷയാവതരണവും നടത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല ടീച്ചര്‍, തൊഴിലുറപ്പ് പദ്ധതി ജെ.പി.സി പ്രീതി മേനോന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

date