Skip to main content

കരുതല്‍ സ്പര്‍ശം-കൈകോര്‍ക്കാം കുട്ടികള്‍ക്ക്- സംസ്ഥാനതല ക്യാമ്പയിന്‍ തുടങ്ങി

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും രക്ഷിതാക്കളെ ശാക്തീകരിക്കുന്നതിനുമായി വനിതാശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'കരുതല്‍ സ്പര്‍ശം - കൈകോര്‍ക്കാം കുട്ടികള്‍ക്കായി' ക്യാമ്പയിന്  ജില്ലയില്‍ തുടക്കമായി.  അന്താരാഷ്ട്ര പാരന്റിങ് ദിനമായ ജൂണ്‍ ഒന്നിന് ശില്പശാലയോടെയാണ് ജില്ലയില്‍ ക്യാംപയ്ന്‍ തുടങ്ങിയത്. ക്യാമ്പയിന്‍ കാലയളവില്‍ കുട്ടികളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി ബോധവത്കരണവും പ്രചരണ പരിപാടിയും ഇക്കാലയളവില്‍ നടക്കും.
ജില്ലാ പ്ലാനിങ് ഓഫീസ് സമ്മേളന ഹാളില്‍ നടന്ന ശില്പശാല ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു. രാഷ്ട്രത്തിന്റെ ഭാവി കുട്ടികളിലാണെന്നും അവര്‍ക്കായി പ്രത്യേക കരുതല്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ രക്ഷിതാക്കളും സമൂഹവും കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഹാജറുമ്മ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ആശ വര്‍ക്കര്‍മാര്‍, എക്സൈസ്, ചൈല്‍ഡ്ലൈന്‍, കുടുംബശ്രീ, സ്പെഷ്യല്‍ ജുവൈനല്‍ പൊലീസ് യൂനിറ്റ്, ഡിഡിപിഒ മാര്‍, ഐസിഡിഎസ് സൂപര്‍വൈസര്‍മാര്‍ എന്നിവര്‍ക്കായിരുന്നു ശില്പശാല. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഷാജേഷ് ഭാസ്‌കര്‍, സ്പെഷ്യല്‍ ജുവൈനല്‍ പൊലീസ് യൂനിറ്റ് നോഡല്‍ ഓഫീസര്‍ കെഎസ് ഷാജി, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ റാണി, വനിതാ ശിശുവികസന ഓഫീസര്‍ നീത ദാസ്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗങ്ങളായ സിസി ദാനദാസ്, തനൂജ ബീഗം എന്നിവര്‍ സംസാരിച്ചു. സാമൂഹിക മാധ്യമങ്ങളിലെ സ്വാധീനം കുട്ടികളില്‍ വിഷയത്തില്‍ മലപ്പുറം സൈബര്‍സെല്‍ അധികൃതരും, ഉത്തരവാദിത്വ രക്ഷകര്‍ത്തൃത്വം വിഷയത്തില്‍ സിപി അഷ്റഫും കുട്ടികളുടെ അവകാശ സംരക്ഷണം വിഷയത്തില്‍ ഗീതാഞ്ജലിയും ക്ലാസെടുത്തു.

 

date