Skip to main content

ഹരിതം -ഹരിതാഭം;  റെന്റ് ഷോപ്പ് ഉദ്ഘാടനം ഇന്ന്

 

    വടകര നഗരസഭയില്‍ നടക്കുന്ന മുഴുവന്‍ ചടങ്ങുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പാക്കാന്‍ പുനരുപയോഗിക്കാന്‍ കഴിയുന്ന സ്റ്റീല്‍ പ്ലേറ്റ്, ഗ്ലാസ് എന്നിവ വാടകയ്ക്ക് നല്‍കുന്ന റെന്റ് ഷോപ്പിന്റെ ഉദ്ഘാടനം ഇന്ന്(ജൂണ്‍ 4) എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി.ടി.പി.രാമകൃഷ്ണന്‍  നിര്‍വ്വഹിക്കും. വടകര സാംസ്‌ക്കാരിക നിലയത്തില്‍ രാവിലെ 9.30 നാണ് പരിപാടി. നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന ഹരിയാലിഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തിലാണ് റെന്റ് ഷോപ്പ് ആരംഭിക്കുന്നത്.

 

പാത്രങ്ങള്‍ കഴുകാനുള്ള ബുദ്ധിമുട്ടാണ് പലപ്പോഴും ആളുകള്‍ ഡിസ്‌പോസബിള്‍  പാത്രങ്ങളെ ആശ്രയിക്കുന്നതിന് കാരണമാവുന്നത്. റെന്റ് ഷോപ്പില്‍ നിന്നും വാടകയ്‌ക്കെടുക്കുന്ന പാത്രങ്ങള്‍ കഴുകാനുള്ള ഉത്തരവാദിത്വം കൂടി ഹരിത കര്‍മ്മ സേന ഏറ്റെടുക്കുമെന്നത് ചടങ്ങുകള്‍ നടത്തുന്നവര്‍ക്ക് സൗകര്യപ്രദമാണ്. 6000 ഓളം പ്ലേറ്റുകള്‍ 3000 ഓളം ഗ്ലാസുകള്‍, പായസ ഗ്ലാസുകള്‍, എന്നിവ റെന്റ് ഷോപ്പില്‍ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രി ജില്ലാ മിഷന്റെ ഫണ്ട്, വടകര നഗരസഭയ്ക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ച അവാര്‍ഡ് തുക എന്നിവ ഉപയോഗിച്ചാണ് പാത്രങ്ങള്‍ വാങ്ങിയത്.

 

ഹരിത കര്‍മ്മ സേനയുടെ ഗ്രീന്‍ ഷോപ്പിലൂടെ നിര്‍മ്മിക്കുന്ന വിവിധ തരം തുണി സഞ്ചികളുടെ ഔപചാരികമായ വിപണന ഉദ്ഘാടനം അന്നേ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിര്‍വ്വഹിക്കും. പെഴ്‌സ്, സഞ്ചി ,മീന്‍ സഞ്ചി, മള്‍ട്ടി ഷോപ്പര്‍, ഷോപ്പറുകള്‍, വിവിധ തരം തോള്‍സഞ്ചികള്‍ എന്നിവയാണ് ഗ്രീന്‍ ഷോപ്പിലൂടെ പുറത്തിറക്കുന്നത്. ചടങ്ങില്‍ സി.കെ.നാണു എം എല്‍ എ അധ്യക്ഷനാകും. വടകര നഗരസഭയില്‍ നടക്കുന്ന മുഴുവന്‍ ചടങ്ങുകളും പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തില്‍ നടത്തി പ്രകൃതിക്ക് കാവലാളാകുമെന്ന് ചെയര്‍മാന്‍ കെ.ശ്രീധരന്‍ അറിയിച്ചു. ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പാക്കി നടത്തുന്ന ചടങ്ങുകള്‍ക്ക് ഇനി മുതല്‍ നഗരസഭയുടെ പ്രശംസാപത്രങ്ങള്‍ ലഭിക്കും. ഇതിനായി മുഴുവന്‍ ചടങ്ങുകളും നഗരസഭയില്‍ അറിയിക്കണണം. 

 

 

date