Skip to main content

നിപ്പ വൈറസ് ബാധ; പരിഭ്രാന്തി വേണ്ട, മുന്‍കരുതല്‍ വേണം- ഡിഎംഒ

 

നിപ്പ വൈറസ് ബാധയെക്കുറിച്ച് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും രോഗത്തെക്കുറിച്ച് അറിയുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയുമാണ്  വേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. രോഗപരിശോധനയ്ക്കും ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സയ്ക്കുമുള്ള എല്ലാ സംവിധാനങ്ങളും ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു. 

വൈറസ് ബാധയുള്ള വവ്വാലുകള്‍, മൃഗങ്ങള്‍, പക്ഷികള്‍ എന്നിവയില്‍ നിന്നും രോഗം പകരാം. ഇപ്രകാരമുള്ള പക്ഷികള്‍ കഴിച്ച പഴങ്ങള്‍ വഴിയും രോഗം പകരാന്‍ സാധ്യതയുണ്ട്. രോഗബാധിതനായ വ്യക്തിയുടെ സ്രവങ്ങളില്‍ നിന്നും രോഗം പകരാനും സാധ്യതയുണ്ട്. 

പനിയോടൊപ്പം ശക്തമായ തലവേദന, ചുമ, ജലദോഷം, ഛര്‍ദി, ക്ഷീണം, തളര്‍ച്ച, ബോധക്ഷയം തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗലക്ഷണമുള്ളവര്‍ ഉടന്‍ തന്നെ ചികിത്സ തേടുകയും ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന പ്രകാരത്തിലുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. 

 

 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വവ്വാലുകള്‍ ഭക്ഷിച്ച പഴങ്ങള്‍ ഉപയോഗിക്കാതിരിക്കുക. വവ്വാലുകളുടെ മൂത്രം, കാഷ്ടം, ഉമിനീര്‍ എന്നിവയുമായി സമ്പര്‍ക്കം ഉണ്ടാകാതെ ശ്രദ്ധിക്കണം. രോഗബാധയുള്ള പ്രദേശങ്ങളിലെ തെങ്ങ്, പന എന്നിവയില്‍ നിന്ന് ലഭിക്കുന്ന തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഉപയോഗിക്കരുത്. രോഗലക്ഷണമുള്ള വ്യക്തികളുമായി ഇടപഴകുമ്പോള്‍ കയ്യുറയും മാസ്‌കും ധരിക്കണം. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിന് മുമ്പ് വൃത്തിയായി കഴുകണം. വളര്‍ത്തുമൃഗങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടാന്‍ ഉടന്‍ തന്നെ മൃഗസംരക്ഷണ വകുപ്പില്‍ അറിയിക്കണം. 

 

ആശുപത്രികളില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍

രോഗബാധ സംശയിക്കുന്നവര്‍ക്കായി ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കണം. ഡോക്ടര്‍മാരും മറ്റ് ആശുപത്രി ജീവനക്കാരും രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി ഇടപഴകുമ്പോള്‍ വ്യക്തിഗത സുരക്ഷയ്ക്കായി എന്‍95 മാസ്‌ക്, ഗ്ലൗസ്, ഗൗണ്‍, ചെരിപ്പുകള്‍ എന്നിവ ഉപയോഗിക്കണം. പെട്ടെന്നുണ്ടാകുന്ന മസ്തിഷ്‌കജ്വരങ്ങളെക്കുറിച്ചുള്ള നിരീക്ഷണവും തുടരനേ്വഷണവും ശക്തമാക്കണം. സംശയാസ്പദമായ എല്ലാ കേസുകളും ആരോഗ്യവകുപ്പിനെ അറിയിക്കണം. 

നിപ്പ രോഗ ബാധ സംബന്ധിച്ച സംശയനിവാരണത്തിന് 7593864224, 9946761540 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് ഡിഎംഒ അറിയിച്ചു.            (പിഎന്‍പി 1289/19)

date