Skip to main content

മഴക്കാല രോഗങ്ങള്‍ ജാഗ്രതയോടെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍

മഴക്കാല രോഗ പ്രതിരോധത്തിനായി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളും സജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നിപ പോലുള്ള  സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ല സജ്ജമാണെന്നും മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും  പരിശീലനം ഉറപ്പാക്കിയതായും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍  ജില്ലയിലെ മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും നല്‍കി വരുന്നതായും  ജാഗ്രത പാലിക്കാന്‍  നിര്‍ദേശം നല്‍കിയതായും ഡിഎംഒ പറഞ്ഞു.  മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളും തുറന്നു പ്രവര്‍ത്തിക്കും. ഐസൊലേഷന്‍ വാര്‍ഡുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കും. ആരോഗ്യകേന്ദ്രങ്ങളില്‍ ചുമയുമായി എത്തുന്നവര്‍ക്ക് മാസ്‌ക്ക് വിതരണം ചെയ്യും. പനി കൂടുതലാണെങ്കില്‍ പ്രത്യേകം പനി വാര്‍ഡുകള്‍ സജ്ജമാക്കും.  എല്ലാ ആശുപത്രികളിലും എ.ബി.സി ഗൈഡ്‌ലൈന്‍  പതിക്കും. മാലിന്യനിര്‍മാര്‍ജനത്തിന് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും. കൊതുക് വളരാനുള്ള സാഹചര്യം ഇല്ലാതാക്കും. ശുചിമുറികളില്‍ ശുചിത്വം ഉറപ്പാക്കും.
പനിയുള്ളവര്‍ പൊതു ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കണം
കഠിനമായ ചുമ, പനി തുടങ്ങിയ രോഗങ്ങളുള്ളവര്‍ പൊതുചടങ്ങുകള്‍, ആഘോഷ പരിപാടികള്‍ എന്നിവിടങ്ങളില്‍ നിന്ന്  വിട്ടുനില്‍ക്കണം.  രോഗലക്ഷണങ്ങളുള്ളവര്‍  മറച്ച് വയ്ക്കാതെ എത്രയും പെട്ടെന്ന് ചികിത്സ തേടണം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മരുന്നുകളുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
കുട്ടികളുടെ ആരോഗ്യം - അധ്യാപകരും പി.ടി.എയും
പ്രത്യേക ശ്രദ്ധ നല്‍കണം
പുതിയ അധ്യയനം വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളുടെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥികളുടെ ആരോഗ്യം ഉറപ്പാക്കാന്‍ അധ്യാപകരും പി.ടി.എയും പ്രത്യേക ശ്രദ്ധിക്കണമെന്ന്  ജില്ലാമെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു. പനിയും ജലദോഷവും ബാധിച്ച കുട്ടികളെ സ്‌കൂളിലേക്ക് അയക്കാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും അവരെ സ്‌കൂളില്‍ വരാന്‍ അധികൃതര്‍ നിര്‍ബന്ധം പിടിക്കരുതെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അധ്യയനം വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂളുകളിലെ കിണറുകളിലെല്ലാം ക്ലോറിനേഷന്‍ പ്രവൃത്തി നടത്തിവരികയാണ്. വെള്ളത്തിന്റെ സാമ്പിളുകളെടുത്ത് പരിശോധന നടത്തി. സ്‌കൂളുകളിലെ ശുചിമുറികളിലെ വൃത്തി ഉറപ്പുവരുത്തി. ബന്ധപ്പെട്ട തദ്ദേക സ്വയംഭരണ സ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ നേരിട്ടോ അതത് സ്ഥാപനങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ വഴി ഉറപ്പുവരുത്തുകയും വേണം. സ്‌കൂളുകളിലെ ഗ്രീന്‍ പ്രോട്ടോകോള്‍ ഉറപ്പുവരുത്തണം. കൊതുകുകള്‍ വളരാനിടയുള്ള സാഹചര്യം ഇല്ലാതാക്കണം. മെഡിക്കല്‍ കിറ്റുകള്‍ സ്‌കൂളുകളില്‍ സൂക്ഷിക്കണം. കുട്ടികള്‍ക്ക് തിളപ്പിച്ചാറിയ വെള്ളം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും  ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

 

date