Skip to main content

തെരുവ്‌നായ വന്ധ്യംകരണത്തിന് കുടുംബശ്രീയും രണ്ട് വര്‍ഷത്തിനിടെ വന്ധ്യംകരിച്ച് 2608 തെരുവ്‌നായ്കളെ

തെരുവ്‌നായ്ക്കളെ വന്ധ്യംകരിക്കാന്‍ കുടുംബശ്രീയും. തെരുവ്‌നായ നിയന്ത്രണത്തിനായി മൃഗസരംക്ഷണ വകുപ്പ് നടപ്പാക്കുന്ന  എബിസി (ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍) പദ്ധതിയാണ് കുടുംബശ്രീ ഏറ്റെടുത്ത് നടപ്പാക്കുന്നത്. പദ്ധതിക്കായി ജില്ലയിലെ വിവിധ മേഖലകളില്‍ മൃഗാശുപത്രികളില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എബിസി സമിതി യോഗത്തില്‍ തീരുമാനമായി. ഓപറേഷന്‍ തിയറ്റര്‍ അടക്കമുള്ളവ ആശുപത്രികളില്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യമൊരുക്കുന്നത് സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ കൂടിയായ മൃഗസരംക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ അയ്യൂബിനെ ചുമതലപ്പെടുത്തി.
തെരുവ്‌നായ്കളെ വന്ധ്യംകരിക്കുന്ന പദ്ധതിക്ക് 2017 ജനുവരിയിലാണ് ജില്ലയില്‍ തുടക്കമായത്. ഹ്യൂമന്‍ സൊസൈറ്റി സംഘത്തിന്റെ കീഴിലായിരുന്നു ജില്ലയില്‍ പ്രവര്‍ത്തനം നടപ്പാക്കിയത്. മെയ് ഒന്ന് വരെയായിരുന്നു സംഘത്തിന് ചുമതല. ഇക്കാലയളവില്‍ 2608 തെരുവ്‌നായ്കളെ വന്ധ്യം കരിച്ചിട്ടുണ്ട്. ജില്ലയില്‍ ആകെ ഏഴായിരത്തോളം തെരുവ് നായ്ക്കളുണ്ടെന്നാണ് കണക്ക്. തെരുവില്‍ നിന്നും പിടികൂടുന്ന നായ്കളെ ശസ്ത്രക്രിയയിലൂടെ വന്ധ്യംകരിച്ചതിന് ശേഷം അടയാളപ്പെടുത്തി  പരിചരണം നല്‍കി മുറിവ് മാറിയതിന് ശേഷം പിടികൂടിയ സ്ഥലത്ത് തന്നെ തുറന്ന് വിടുന്നതാണ് പദ്ധതി.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, പ്ലാനിങ് ഓഫീസര്‍ വി ജയകുമാര്‍, ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സി മധു എന്നിവര്‍ പങ്കെടുത്തു.

 

date