Skip to main content

ബട്ടര്‍ഫ്‌ളൈസ് അവാര്‍ഡ് മീറ്റ് സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

പൊന്നാനി നിയോജക മണ്ഡലത്തിലെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ആദരിക്കുന്ന ബട്ടര്‍ഫ്‌ളൈസ് അവാര്‍ഡ്  മീറ്റ്  സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ആകാംക്ഷയില്‍ അധിഷ്ഠിതമായ വിദ്യഭ്യാസമാണ് ബട്ടര്‍ ഫ്‌ളൈസിലൂടെ നടപ്പാക്കുന്നതെന്നും ആകാംക്ഷ കുട്ടികളില്‍ വിദ്യഭ്യാസത്തോടും വിദ്യാലയത്തോടു മുള്ള ഇഷ്ടം വര്‍ദ്ധിപ്പിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. താത്പര്യമുള്ള സ്‌കൂളുകളു ണ്ടായാല്‍ പഠനം മനോഹരമാകും. അവന്റെതായ അന്വേഷണങ്ങളും താല്‍പര്യകളും വിദ്യഭ്യാസത്തില്‍ കണ്ടെത്താന്‍ ശ്രമിക്കണം.  പാഠപുസ്തകങ്ങളിലെയോ ക്ലാസ്സ് മുറികളിലെയോ  അറിവുകള്‍ മാത്രമല്ല ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിന്നും ലഭിക്കുന്ന അറിവുകളുടെ സംഭരണിയാണ് വിജയമെന്നും സ്പീക്കര്‍ പറഞ്ഞു.
കുണ്ടുകടവ് അക്ബര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മണ്ഡലത്തിലെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും സ്പീക്കര്‍ ആദരിച്ചു.  
ഏറ്റവും ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ത്ഥി, ഏറ്റവും മികച്ച സ്‌കൂള്‍, ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ സ്‌കൂള്‍, ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ സ്‌കൂള്‍ എന്നീ വിഭാഗങ്ങളിലും വിജയം നേടിയ വിദ്യാര്‍ത്ഥികളെയും സ്‌കൂളിനെയും സ്പീക്കര്‍ ആദരിച്ചു. 75 ഓളം വിദ്യാര്‍ത്ഥികളാണ് പ്ലസ് ടുവില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയിരിക്കുന്നത്. എസ്എസ്എല്‍ സി പരീക്ഷയില്‍ 250 ഓളം വിദ്യാര്‍ത്ഥികളും മുഴുവന്‍ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കിയിട്ടുണ്ട്.
പൊന്നാനി നിയോജക മണ്ഡലത്തിലെ  മുഴുവന്‍ ഹൈസ്‌ക്കൂള്‍ - ഹയര്‍ സെക്കന്‍ഡറി  വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ തന്റെ മണ്ഡലത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ' ബട്ടര്‍ഫ്‌ളൈസ്' . ആദ്യഘട്ടത്തില്‍ വിദ്യാലയത്തിന്റെ പശ്ചാത്തല വികസനവും രണ്ടാം ഘട്ടത്തില്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാനുമാണ് നടപ്പാക്കുന്നത്.  ഇതിനായി ഡിജിറ്റല്‍ -ഹൈടെക്ക്ക്ലാസ്സ് റൂമുകള്‍, ഡിജിറ്റല്‍ ലാബ് തുടങ്ങിയാണ് ഒരുക്കുന്നത്.  22 ഘടകപദ്ധതികളുമായി പൊന്നാനി മണ്ഡലത്തില്‍ നടപ്പാക്കുന്ന ബട്ടര്‍ഫ്‌ളൈസ് പദ്ധതി വിദ്യാര്‍ത്ഥികള്‍ക്ക്  അറിവുകളുടെയും കഴിവുകളുടെയും പുത്തന്‍ വാതായനങ്ങളാണ് തുറന്നുകൊടുക്കുന്നത്.
പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായ ചടങ്ങില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ , സാംസ്‌കാരിക പ്രവര്‍ത്തകന്‍ അജിത് കോളാടി,   പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങള്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.ബി ഫൈസല്‍, പൊന്നാനി നഗരസഭാ വിദ്യഭ്യാസ സ്റ്റാറ്റിംങ് കമ്മിറ്റി ചെയര്‍മാന്‍ ടി.മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

date