Skip to main content

പി.എസ്.സി അംഗം പി.ശിവദാസന്‍ വിരമിച്ചു.

 

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗം പാലക്കാട് സ്വദേശി പി.ശിവദാസന്‍ വിരമിച്ചു.  2013 ലാണ് അദ്ദേഹം പി.എസ്.സിഅംഗമായി ചുതലയേല്‍ക്കുന്നത്. പാലക്കാട് ജില്ലയില്‍ നിന്ന് 25 വര്‍ഷത്തിനുശേഷം തെരഞ്ഞെടുക്കപ്പെട്ട പി.എസ്.സി അംഗമാണ് അദ്ദേഹം.. കേരളത്തിലും വിദേശത്തും അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയില്‍ കുത്തന്നൂര്‍ ഹൈസ്‌കൂളില്‍ സേവനം അനുഷ്ഠിക്കുമ്പോഴാണ് പി.എസ്.സി അംഗമാകുന്നത്.  2017 ജനുവരി മുതല്‍ രണ്ടര വര്‍ഷത്തോളം അദ്ദേഹം പി.എസ്.സി യിലെ റൂള്‍സ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ആയിരുന്നു. നിരവധി വകുപ്പുകളുടെ സ്പെഷ്യല്‍ റൂള്‍സ് സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുന്നതിന് നേതൃത്വം നല്‍കിയിട്ടുണ്ട്. ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജുക്കേഷന്റെ സ്പെഷല്‍ റൂള്‍സ് ആണ് ചുമതലയിലിരിക്കെ അവസാനമായി ഫ്രെയിം ചെയ്തത്.
ഗ്രാജ്വേറ്റ് തലത്തില്‍ മലയാള ഭാഷ അവഗണിക്കപ്പെടുന്നതായി ഭാഷാ സ്നേഹികള്‍ അഭിപ്രായപ്പെട്ടതിന്റെ  അടിസ്ഥാനത്തില്‍  പി.എസ്.സി പരീക്ഷകളില്‍ മാതൃഭാഷ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുളള സമിതിയുടെ അധ്യക്ഷനായി പ്രവര്‍ത്തിക്കുകയും ഉചിത തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്.
പി.എസ്.സി യില്‍ ആദ്യമായി ഉദ്യോഗാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് രൂപീകൃതമായ പെറ്റീഷന്‍സ് സ്‌ക്രൂട്ടിനി കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു പി.ശിവദാസന്‍. പി.എസ്.സി യുടെ വജ്ര ജൂബിലി ആഘോഷ കമ്മിറ്റിയുടെ തലപ്പത്തും അദ്ദേഹം കര്‍മ്മനിരതനായിരുന്നു. ഇ.ഓഫീസ്, ഡിജിറ്റല്‍ ഫയലിങ്, ഓണ്‍ലൈന്‍ സ്‌ക്രീന്‍ മാര്‍ക്കിങ്ങ് തുടങ്ങിയവ ഉള്‍പ്പെട്ട പി.എസ്.സിയുടെ  ആധുനികവത്കരണത്തില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.

17560 സ്‌ക്വയര്‍ ഫീറ്റില്‍ നാല് നിലകളിലായി നിര്‍മിക്കുന്ന പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസ് കെട്ടിടത്തിനായുളള സ്ഥലം ലഭ്യമാക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.  പാലക്കാട് ഗസ്റ്റ് ഹൗസിന് എതിര്‍വശം നിര്‍മ്മാണം അവസാനഘട്ടത്തിലെത്തി നില്‍ക്കുന്ന  ആറര കോടി ചെലവില്‍ നിര്‍മിക്കുന്ന ജില്ലാ പി.എസ്.സി ഓഫീസിനായുളള 25 സെന്റ് സ്ഥലത്തിന്റെ അനുമതി ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് നേടിയെടുക്കുന്നതിനും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. ഒരേ സമയം നാനൂറ് പേര്‍ക്ക് പരീക്ഷ എഴുതാവുന്ന വിധം ആധുനിക സൗകര്യങ്ങളോടുകൂടിയ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രമുള്‍പ്പെട്ട കെട്ടിടമാണ് പൂര്‍ത്തീകരിച്ചുവരുന്നത്.  ലിഫ്റ്റ്, റാമ്പ് എന്നീ അംഗപരിമിതര്‍ക്കായുളള സൗകര്യവും കെട്ടിടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

date